മടവീഴ്ച: വെച്ചൂരിൽ കൃഷി പ്രതിസന്ധിയിലായി

കോട്ടയം വെച്ചൂർ അച്ചിനകം പാടശേഖരത്തില്‍ മടവീഴ്ചയെത്തുടര്‍ന്ന്  മുന്നൂറ്റിയമ്പത് ഏക്കറിലെ നെൽകൃഷി പ്രതിസന്ധിയിലായി. ഒാരുമുട്ട് തകര്‍ന്നതോടെ  പ്രദേശത്തെ നൂറ്റിയമ്പതോളം വീടുകളും വെള്ളത്തിലായി. 

ലേലം കഴിഞ്ഞ് മാസങ്ങളായിട്ടും അച്ചിനകം പാടത്ത് പമ്പിങ്  തുടങ്ങിയിരുന്നില്ല. സമീപത്തെ വലിയ വെളിച്ചം, അരികുപുറം പാടശേഖരങ്ങളിൽ പമ്പിങ് തുടങ്ങുകയും ചെയ്തു.  തണ്ണീർമുക്കം ബണ്ട് തുറന്നതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍  അച്ചിനകം ‌പാടത്തെ ഒാരുമുട്ട്   തള്ളിപോയി .  കൈപ്പുഴയാറിൽ നിന്ന് വേലിയേറ്റത്തിൽ പാടശേഖരങ്ങളിൽ വെള്ളം കുത്തിയൊഴുകിയതോടെ നൂറ്റിയമ്പതോളം വീടുകളിലും വെള്ളം കയറി. മുട്ട് തകർന്നതോടെ സമീപ പാടശേഖരങ്ങളിലെ പമ്പിങ്ങും  മുടങ്ങി. നിലവിലെ സ്ഥിതിയിൽ മെയ് മാസം  വിതക്കേണ്ട വർഷകൃഷിയിറക്കാൻ രണ്ട് മാസത്തെ താമസമുണ്ടാകുമെന്ന് കർഷകർ പറയുന്നു. ഇതോടെ 350 ഏക്കറിലെ വിളവിനെ ബാധിക്കുമെന്ന് മാത്രമല്ല കർഷകന് അധിക ചിലവുണ്ടാവുകയും ചെയ്യും. 

വീടുകളില്‍ വെള്ളം കയറിയതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും വീടുകളിൽ മലിനജലം നിറഞ്ഞു . കൃഷിയിടങ്ങളിലും വെള്ളം കയറി.  അതേസമയം പമ്പിങ്ങിന്  കാലതാമസമുണ്ടായതെന്നും ഒരാഴ്ചക്കകം തുടങ്ങുമെന്നും പാടശേഖര സമിതി  വ്യക്തമാക്കി