വഴിയോരത്ത് കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി

തിരുവനന്തപുരം വിഴിഞ്ഞത്ത് വഴിയോരത്ത് കക്കൂസ് മാലിന്യമടക്കം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി. കാറിലും ലോറിയിലുമായാണ് ഇവര്‍ മാലിന്യം തള്ളാനെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ ലോറിയിലെത്തി മാലിന്യം തള്ളിയത്. തിരികെ പോകുന്നതിനിടെ ലോറി തകരാറിലായി. ഈ ലോറിയുടെ തകരാര്‍ പരിഹരിക്കാനായി മറ്റൊരു ലോറിയും കാറിലും ഏതാനും പേരെത്തി. ഇതിനിടയിലാണ് ഇതെല്ലാം മാലിന്യവണ്ടിയാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതോടെ വാഹനങ്ങള്‍ തടഞ്ഞിട്ട നാട്ടുകാര്‍ മൂന്ന് പേരെ പിടികൂടി വിഴിഞ്ഞം സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ല.

മാലിന്യം തള്ളുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും പിഴ അടച്ച് പറഞ്ഞ് വിടുകയാണ് നിയമമെന്നുമാണ് പൊലീസ് പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടിച്ച് കൂടി സ്റ്റേഷന്‍ ഉപരോധിച്ചു.  ഉപരോധം തുടര്‍ന്നെങ്കിലും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. വിഴിഞ്ഞത്തെ പൊതുഇടങ്ങളില്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളല്‍ പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതിനെതിരെ പൊലീസ് നടപടി കാര്യക്ഷമമെല്ലെന്നും ആക്ഷേപമുണ്ട്.