എൽഡിഎഫുമായി അഭിപ്രായ ഭിന്നത; ജില്ലാകളക്ടർ അവധിയിൽ

പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് നേതൃത്വവുമായുള്ള അഭിപ്രായഭിന്നത അതിരുവിട്ടതോടെ ജില്ലാകലക്ടര്‍ ആര്‍.ഗിരിജ അവധിയില്‍ പ്രവേശിച്ചു.  നിയമംവിട്ടു പ്രവര്‍ത്തിക്കാനാവില്ലെന്ന കലക്ടറുടെ അചഞ്ചല നിലപാടാണ് എല്‍.ഡി.എഫ് നേതൃത്വത്തെ ചൊടിപ്പിക്കാന്‍ കാരണമായത്. ജില്ലാനേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടായിട്ടും കലക്ടറെ മാറ്റേണ്ടതില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും റവന്യു മന്ത്രിയും സ്വീകരിച്ചത്.

ജില്ലയിലെ ഭരണ,രാഷ്ട്രീയ തലത്തില്‍ നീറി നില്‍ക്കുന്ന കൊല്ലമുള ഭൂമിവിഷയം, ടൂറിസം പദ്ധതികള്‍ക്കുള്ള സ്ഥലം വിട്ടുകൊടുക്കല്‍, ജില്ലാ പി.എസ്.സി ആസ്ഥാന മന്ദിരം തുടങ്ങിയ വിഷയങ്ങളാണ് കലക്ടറും ജില്ലാനേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതക്ക് കാരണമായത്. കലക്ടര്‍ അവധിയില്‍പ്പോയതോടെ കോട്ടയം കലക്ടര്‍ക്കാണ് താല്‍ക്കാലീക ചുമതല. കലക്ടറെ മാറ്റാന്‍ സി.പി.എം, സി.പി.ഐ നേതൃത്വവും ചില എം.എല്‍.എമാരും ഭരണകേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും യോജിച്ചില്ല. നിയമ വിരുദ്ധവും അപ്രയോഗീകവുമായ നടപടിക്ക് കൂട്ടുനിന്നില്ലെന്ന പേരില്‍ കലക്ടറെ മാറ്റേണ്ടതില്ലെന്നായിരുന്നു നിലപാട്. ആശിക്കുംഭൂമി ആദിവാസിക്ക് പദ്ധതിക്കായി കൊല്ലമുളയില്‍ സി.പി.എം നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഭൂമിവാങ്ങിയെങ്കില്‍ 78ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാകുമായിരുന്നു എന്നാണ് വിലയിരുത്തല്‍. ചികിത്സക്കായി അവധി എടുത്തു എന്നാണ് അവധിയുമായി ബന്ധപ്പെട്ട് കലക്ടറുടെ വിശദീകരണം.