ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്, എല്‍ഡിഎഫ് കത്തയച്ചു. തിരഞ്ഞെടുപ്പ് വൈകുന്നതുമൂലം യു.ഡി.എഫും ബി.ജെ.പിയും വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു. 

കർണാടകയ്ക്കൊപ്പം മെയ് മാസം തിരഞ്ഞെടുപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ച ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിക്കാതെ നീണ്ടുപോവുകയാണ്. തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ചെങ്ങന്നൂർ‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭര പണിക്കരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

തിരഞ്ഞെടുപ്പ് ജൂണിലേക്ക് നീണ്ടാൽ മഴ പ്രതിസന്ധിയാകുമെന്നും എല്‍ഡിഎഫ് പറയുന്നു. അതേ സമയം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നത് എല്‍ഡിഎഫ് ആണെന്നാണ് യു.ഡി.എഫ് ന്റേയും ബി.ജെ.പിയുടേയും മറുപടി.

തിരഞ്ഞെടുപ്പ് തീയതി വൈകുന്നതുമൂലം മുന്നണികൾ പ്രചാരണം താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണ്.