പാലോട്– പൊന്‍മുടി റോഡ്പണി പൂര്‍ണമായി നിലച്ചു

മഴ തുടങ്ങിയതോടെ പാലോട്– പൊന്‍മുടി റോഡ്പണി പൂര്‍ണമായി നിലച്ചു.  ഇതോടെ പെരിങ്ങമല പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലേക്കുള്ള വഴി അടഞ്ഞിരിക്കുകയാണ്. പൊതുമരാമത്തിന്റെ സ്ഥലമേറ്റെടുപ്പിലും ക്രമക്കേടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നാല്‍പ്പത്തൊന്‍പതര കോടി രൂപയുടെ പദ്ധതി പൊളിച്ചടുക്കിയത് ഒറ്റയടിക്ക് ഒന്‍പത് പാലങ്ങള്‍. പൊതുമരാമത്തിന്റെ അശാസ്ത്രിയ സ്ഥലമെടുപ്പു കൂടിയായപ്പോള്‍  15 കിലോമീറ്റര്‍ റോഡ് നിര്‍മാണം ആകെ പ്രതിസന്ധിയിലായി. വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ച് റോഡിനിരുവശത്തുമുള്ള സ്ഥലമെടുപ്പിലും പഞ്ചായത്തിടപെട്ട് വിട്ടുവീഴ്ച്ച നടത്തിയെന്ന്  നാട്ടുകാര്‍ ആരോപിക്കുന്നു. ഇതും റോഡ് നിര്‍മാണം മന്ദഗതിയിലാക്കി.

മഴ കനത്തതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചു. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരുന്ന നാട്ടുകാരുടെ വരുമാന മാര്‍ഗം കൂടിയാണ്  അടഞ്ഞത്. പാലോട് ജങ്ഷനില്‍ കഴിഞ്ഞ ഒന്നരമാസമായി ഈ ബോര്‍ഡിരിപ്പുണ്ട്.  പാലോടിന്റെ യാത്രാ ദുരിതത്തിന് എന്ന് പരിഹാരമാകുമെന്ന് ആര്‍ക്കുമറിയില്ല.