ആവേശമായി കൊല്ലം പൂരം

കൊല്ലം നഗരത്തിന് ആവേശമായി കൊല്ലം പൂരം നടന്നു. 30 ഗജവീരന്‍മാര്‍ അണി നിരന്ന പൂരത്തിന് സാക്ഷിയാവാന്‍ ജനസാഗരമാണ് ആശ്രാമം മൈതാനത്തേക്ക് എത്തിയത്.

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉല്‍സവത്തിന് സമാപനം കുറിച്ച് നടന്ന കൊല്ലം പൂരത്തിന്  പതിനായിരങ്ങള്‍ ആവേശത്തോടെ പങ്കാളികളായി . നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള  ചെറുപൂരങ്ങള്‍ ആശ്രാമം മൈതാനത്തേക്ക് എത്തി.  താമരക്കുളം മഹാഗണപതിയും  പുതിയകാവ് ശ്രീഭഗവതിയും ആശ്രാം മൈതാനത്ത് എഴുന്നള്ളിയതോടെയാണ്  കൊല്ലം പൂരത്തിന് ആവേശകരമായ  തുടക്കമായത്. മൈതാനത്തിന് തെക്കു വടക്കായി 30 ഗജവീരന്‍മാര്‍ മുഖാമുഖം  അണിനിരന്നപ്പോള്‍ കൊല്ലം പൂരത്തിന്‍റെ കുടമാറ്റം ആവേശകരമായി.

ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന കുടമാറ്റം തൃശൂര്‍ പൂരത്തിന്‍റെ ചെറിയ പകര്‍പ്പായി. കടുത്ത ചൂടിന് അവഗണിച്ചു രാത്രി ആയിരങ്ങളാണ് പൂരം കാണാനെത്തിയത് .കൂടമാറ്റത്തിനൊടുവില്‍  താമരക്കുളം മഹാഗണപതിയും  പുതിയകാവ് ശ്രീഭഗവതിയും  ഉപചാരം ചൊല്ലി പിരിഞ്ഞു.