റേസിങ്ങും ചെയ്സിങ്ങും വേണ്ട, തിരുവനന്തപുരത്ത് കിടിലൻ കാമറകൾ കണ്ടുപിടിക്കും

തിരുവനന്തപുരം നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍  അത്യാധുനിക കാമറകള്‍ സ്ഥാപിക്കുന്നു. വാഹനങ്ങളുടെ പൂര്‍ണവിവരം തിരിച്ചറിയാന്‍ സാധിക്കുന്ന ക്യാമറകളാണ് സംസ്ഥാനത്ത് ആദ്യമായി തലസ്ഥാനത്ത് സ്ഥാപിക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കും വാഹനങ്ങളുടെ മല്‍സരയോട്ടത്തിനും കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നീക്കം. 

കവടിയാറില്‍ സ്ഥാപിച്ചിരിക്കുന്ന ഈ കാമറയുടെ മുന്നില്‍പെട്ടാല്‍ വാഹനത്തിന്റെ ദൃശ്യം മാത്രമല്ല ലഭിക്കുന്നത്. വാഹനത്തിന്റെ നമ്പരും ഉടമസ്ഥന്റെ മേല്‍വിലാസവും അടക്കം മുഴുവന്‍ റജിസ്ട്രേഷന്‍ വിവരങ്ങളും പൊലീസിന്റെ കംപ്യൂട്ടറിലെത്തും. മെട്രോ നഗരങ്ങളിലുള്ള ഇത്തരം അത്യാധുനിക കാമറകളുെട നിരീക്ഷണത്തിലാവും തലസ്ഥാന നഗരം.

രാത്രികാലത്തെ റേസിങ് മോഡല്‍ മല്‍സരയോട്ടങ്ങളും അപകടങ്ങളും കൂടുതലായ കവടിയാര്‍, വെള്ളയമ്പലം റോഡില്‍ ഇത്തരം പത്ത് കാമറകള്‍ ഒരാഴ്ചക്കുള്ളില്‍ കണ്ണുതുറക്കും. നഗരത്തിന്റെ മുക്കിലും മൂലയിലും മറ്റ് സാധാരണ കാമറകളുമുണ്ടാവും.  രാഷ്ട്രീയ സംഘര്‍ഷമടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങളും തെളിവ് ശേഖരണമാണ് ഈ കാമറയുടെ ലക്ഷ്യം.  ഇത്തരം 50 പുതിയ കാമറകള്‍ സ്ഥാപിക്കുന്നതോടെ നഗരത്തിലാകെ 280 കാമറകളാവും.