വേനല്‍ കനത്തു; കരിഞ്ഞുണങ്ങി അടൂരിലെ കൃഷിയിടങ്ങള്‍

വേനല്‍ കനത്തതോടെ കരിഞ്ഞുണങ്ങി പത്തനംതിട്ട അടൂരിലെ കൃഷിയിടങ്ങള്‍. കടമ്പനാട് പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്കുള്ള ജലശ്രോതസുകളില്‍ വെള്ളംവറ്റിയതോടെ കൃഷിക്കായി ചെലവഴിച്ചതുകയും നഷ്ടത്തിലായെന്ന് കര്‍ഷകര്‍ പറയുന്നു. അടൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ചോളകൃഷി പൂര്‍ണമായും നശിച്ചു.

അടൂര്‍ രാധാഭവനില്‍ കുട്ടന്‍പിള്ള 10സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നാലുമാസംമുന്‍പ് തുടങ്ങിയതാണ് ചോളകൃഷി. വരള്‍ച്ചബാധിച്ചതോടെ പൂവിട്ട ചോളച്ചെടികള്‍ കരിഞ്ഞുണങ്ങി.

അടൂരിലെ കൃഷിയിടങ്ങളിലേക്കുള്ള ജലശ്രോതസുകളല്ലാം വറ്റി. അവശേഷിക്കുന്ന കൃഷിഎങ്ങനെ നിലനിര്‍ത്തും എന്ന ആലോചനയിലാണ് കര്‍ഷകര്‍. ആയിരം ഏക്കറിലധികം വരുന്ന കൃഷിയിടമായ മണ്ണടി മണക്കണ്ടം പ്രദേശത്തും ചൂടില്‍ കൃഷിനശിക്കുകയാണ്. പാവല്‍ പയര്‍, പടവലം വാഴ, വെറ്റില എന്നിവയൊക്കെ വെള്ളമില്ലാതെ കരിഞ്ഞുണങ്ങിത്തുടങ്ങി. ഇക്കുറി കൃഷിയില്‍ വന്‍നഷ്ടമായിരിക്കും ഫലമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സമീപത്തെ കനാല്‍ തുറന്നുവിട്ടാല്‍ അതാശ്വാസമാകുമെന്ന വിലയിരുത്തലാണ് കര്‍ഷകര്‍ക്കുള്ളത്. എന്നാല്‍ ശുചീകരണ പ്രവ‍ൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കാനാല്‍ തുറന്നുവിടുന്ന നടപടിയും നീളുകയാണ്