ഇഷ്ടികകളിൽ വിരിയുന്ന ശിൽപചാരുത

ആറ്റുകാല്‍ പൊങ്കാലയടുപ്പിനുപയോഗിച്ച ഇഷ്ടികകളില്‍ ശില്‍പ്പ ഭംഗി വിരിയുന്നു. ലാറി ബേക്കറിന്റെ നൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചാണ് പൊങ്കാലയ്ക്ക് ശേഷം നഗരത്തില്‍ ഉപേക്ഷിക്കാറുള്ള ഒന്നര ലക്ഷത്തോളം ഇഷ്ടികകളില്‍ കലാകാരന്മാര്‍ കരവിരുത് തീര്‍ത്തത്. ലക്ഷക്കണക്കിന് ഇഷ്ടിക അടുപ്പുകളാണ്  പൊങ്കാലയ്ക്കായി നിരന്നത്. പൊങ്കാല  കഴിഞ്ഞാല്‍ ആ ഇഷ്ടികകളൊക്കെയും നഗരത്തില്‍ ഉപേക്ഷിക്കുന്നതാണ് പതിവ് കാഴ്ച. പക്ഷേ ഇക്കുറി അവയില്‍ വിരിഞ്ഞത് ശില്‍പസൗന്ദര്യം.

ആര്‍കിടെക്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ആര്‍ക്കിടെക്ട് ,കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ്  മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന  "ഇഷ്ട്ടികക്കുമപ്പുറം എന്ന നിര്‍മാണ–പ്രദര്‍ശന പരിപാടി നടത്തുന്നത്. പാവപ്പെട്ടവരുടെ ആര്‍ക്കിടെക്റ്റ്  എന്നറിയപ്പെടുന്ന ലാറി ബേക്കറോടുള്ള ആദര സൂചകമായി കവടിയാര്‍ മുതല്‍ യൂണിവേഴ്സിറ്റി കോളജ് വരെ നൂറ് ഇഷ്ടിക ഇന്‍സ്റ്റലേഷനുകള്‍  നിരക്കും.നൂറോളം ടീമുകളാണ്  ഇന്‍സ്റ്റലേഷന്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. പ്രദര്‍ശനം കഴിഞ്ഞ് ഇഷട്ടികകളെല്ലാം പാവപ്പെട്ടവര്‍ക്ക് വീട് വെച്ച്നല്‍കുന്ന അമ്മവീട് പദ്ധതിയ്ക്കു വേണ്ടി  നഗര സഭ ഉപയോഗിക്കും.