മിനിമം വേതനം ആവശ്യപ്പെട്ട്  ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കി. യുഎൻഎയുടെ നേതൃത്വത്തിലുള്ള നിരാഹാരസമരം രണ്ടാംദിവസത്തിലേക്ക് കടന്നു. സമരക്കാര്‍ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽനിന്നായി നിരവധി നഴ്സുമാരാണ് എത്തുന്നത്

തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് മരണംവരെ നിരാഹാരം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കിയത്. യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തുന്ന നിരാഹാരം രണ്ടാംദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി നഴ്സുമാര്‍ ഐക്യദാര്‍ഡ്യവുമായി എത്തിതുടങ്ങി. ആശുപത്രിക്ക് മുന്നിലെ സമരപന്തല്‍ ജില്ലാഭരണകൂടം ഇടപെട്ട് ഒഴിപ്പിച്ചതോടെ റോഡന്റെ എതിര്‍വശത്താണ് പുതിയ സമരകേന്ദ്രം. മുന്നോട്ടുവച്ച മൂന്നുപ്രധാന ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നേതാക്കവ്‍ പറഞ്ഞു

2013ലെ മിനിമം വേതനം ആവശ്യപ്പെട്ട് 173 ദിവസമായി നഴ്സുമാർ ഇവിടെ സമരത്തിലാണ്. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പടുകയായിരുന്നു. പിരിച്ചുവിട്ട രണ്ടുനഴ്സുമാരെ തിരിച്ചെടുക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നാണ് മാനേജ്മെന്റ് സ്വീകരിച്ച നിലപാട്. സമരം ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെ സമരം ചെയുന്ന 110 നഴ്സുമാരെയും തിരിച്ചെടുക്കില്ലെന്നും മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.