അറ്റകുറ്റപ്പണി നടത്താത്തതുമൂലം കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍  അപകടഭീഷണിയില്‍. 32 വര്‍ഷം പഴക്കമുള്ള കനാല്‍പാലങ്ങളുടെ കോണ്‍ക്രീറ്റുകള്‍ പൊടിഞ്ഞു തുടങ്ങി. വേനല്‍ക്കാലത്ത് വെള്ളം തുറന്നുവിടുമ്പോള്‍ ചോര്‍ച്ചകാരണം കര്‍ഷകര്‍ക്ക് വേണ്ടത്ര ഗുണം ലഭിക്കുന്നുമില്ല.

ഉഷ്ണകാലമായാല്‍ കൊല്ലം പത്തനംതിട്ട ജില്ലകളിലെ കര്‍ഷകരുടെ പ്രധാന ആശ്രയമാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കനാലുകള്‍ അപകടഭീഷണിയിലാണ്.തറനിരപ്പില്‍ നിന്ന് മുപ്പതടി ഉയരത്തില്‍ പോകുന്ന കനാല്‍ മേല്‍പ്പാലങ്ങള്‍ അഥവാ അക്ക്വഡേറ്റുകളാണ് അപകടാവസ്ഥയിലുള്ളത്. കാല്‍നാറ്റാണ്ടിലധകം പഴക്കമുള്ള കോണ്‍ക്രീറ്റ് നിര്‍മിത മേല്‍പാലങ്ങള്‍ തൂണുകള്‍ ദ്രവിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ശക്തിയില്‍ ജലം വന്നാല്‍ അതു താങ്ങാനുള്ള ശക്തി അക്ക്വഡേറ്റുകള്‍ക്ക് ഉണ്ടോ എന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട് 

കനാലിനുണ്ടായ കേടുപാടുകള്‍ കര്‍ഷകരേയാണ് ഏറ്റവുമധികം ബാധിക്കുന്നത്.ജലം പൂര്‍ണമായും ലക്ഷ്യസ്ഥാനത്ത് എത്തില്ല.ഈ മാസം അവസാനം ജലം തുറന്നുവിടുമ്പോള്‍ അതില്‍ ഭൂരിഭാഗവും പാഴായി പോകുമെന്ന് എന്ന് കര്‍ഷകര്‍ പറയുന്നു എല്ലാവര്‍ഷവും അറ്റകുറ്റപ്പണിയുണ്ടെന്ന് പറയുമെങ്കിലും കനാലില്‍ പുല്ല് ചെത്തല്‍ മാത്രമാണ് നടക്കുന്നത്. വലിയ അറ്റകുറ്റപ്പണി നടത്താന്‍  കോണ്‍ട്രാക്ടര്‍മാരേ കിട്ടുന്നില്ല എന്നതാണ് കല്ലട ജലസേചന പദ്ധതി ഉദ്യോഗസ്ഥരുടെ വാദം.