വേനൽ തുടങ്ങിയപ്പോൾതന്നെ വരൾച്ചയിൽ പൊറുതിമുട്ടി പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത്. പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കുടിവെള്ളംപോലും കിട്ടാക്കനിയാണ്.

  

കോട്ടാങ്ങൽ - ആലപ്രക്കാട്ട് റോഡിലെ, തുറന്നാൽ കാറ്റുപോലും വരാത്ത ഈ പൈപ്പിൽ വെള്ളമെത്തുന്നതും പ്രതീക്ഷിച്ച് നാൽപതിലധികം കുടുംബങ്ങളാണ് ജീവിക്കുന്നത്. വീടുകളിലേക്ക് കണക്ഷനെടുത്തിരിക്കുന്നവരുടെ അവസ്ഥയും ഇതു തന്നെ. കഴിഞ്ഞ വർഷംവരെ കൃത്യമായി വെള്ളമെത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

മണിമലയാറിൽനിന്നും മറ്റിടങ്ങളിൽനിന്നും വാഹനങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്. കോട്ടാങ്ങൽ പഞ്ചായത്തിലെ മലമ്പാറ പദ്ധതിയിൽ നിന്നാണ് ആറ്, ഏഴ്, എട്ട് വാർഡുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. നിലവിലുള്ള ചെറിയ പൈപ്പുകളും കണക്ഷനുകളിലെ വർധനയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.