തിരുവനന്തപുരം ശാസ്തമംഗലത്ത് മൂന്നംഗ കുടുംബം തൂങ്ങി മരിച്ച സംഭവത്തിൽ തിരുനൽവേലിയിലെ ജ്യോത്സനെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നു. ജ്യോത്സനെ വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പോകും. സ്വത്തുക്കൾ മുഴുവൻ ജ്യോത്സന് എഴുതി വച്ചതാണ് ദുരൂഹതയക്ക് കാരണം.

ശാസ്തമംഗലം പണിക്കേഴ്സ് ലെയ്നിൽ വനമാലി വീട്ടിൽ സുകുമാരൻ നായരും ഭാര്യയും മകനെയുമാണ് ശനിയാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  അന്ധവിശ്വാസം മൂലമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. ഇവരുടെ സ്വത്ത് മുഴുവൻ തിരുനെൽവേലിയിലെ ജ്യോത്സന്റ പേരിൽ എഴുതി വിൽപത്രം തയാറാക്കിയിട്ടുണ്ട്. ഇതിലും ദുരൂഹത സംശയിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കുന്നത്. ജ്യോത്സനെ ഒരു തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ തന്റെ പേരിൽ സ്വത്ത് എഴുതി വച്ചത് എന്തിനാണന്ന് അറിയില്ലന്നും ഒട്ടേറെ മലയായികൾ കാണാൻ വരുന്നതിൽ ഇവരെ കൃത്യമായി ഓർക്കുന്നില്ലെന്നുമാണ് മൊഴി നൽകിയത്. ഇത് പരിശോധിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ജ്യോത്സന്റെ മൊഴി എടുക്കുന്നതിനൊപ്പം അയാളുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ജനുവരി 15ന് വിൽപത്രം അടങ്ങിയ പെട്ടി ജ്യൊത്സന്റ് വീട്ടിലെത്തിച്ച് നൽകിയെന്ന് മൊഴിയുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് ദൃശ്യങ്ങൾ തിരയുന്നത്. തിരുനെൽവേലിയിലെ അന്വേഷണത്തോടെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കുമെന്നണ് മ്യൂസിയം പൊലീസിന്റെ കണക്ക് കൂട്ടൽ.