തിരുവനന്തപുരം ശാസ്തമംഗലത്തെ മൂന്നംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് അന്ധവിശ്വാസമെന്ന് സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മരിക്കുന്നതിന് മൂന്നാഴ്ച മുൻപ് തന്നെ വിൽപത്രം തയാറാക്കി കന്യാകുമാരിയിലെ ജ്യോത്സന് കൈമാറിയിരുന്നു. എന്നാൽ മാതാപിതാക്കൾ മരിക്കുന്നതിന് ആറ് മണിക്കൂർ മുൻപ് മകൻ മരിച്ചത് കേസിൽ ദുരൂഹതയ്ക്കും കാരണമാകുന്നു.

ശാസ്തമംഗലം പണിക്കെഴ്സ് ലൈയനിൽ വനമലിയിൽ വീട്ടിൽ സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി , മകൻ സനാതനൻ എന്നിവരെയാണ് ശനിയാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞങ്ങൾ ഈ ലോകം വിട്ടു പോകുന്നുവെന്ന് ആത്മഹത്യാ കുറിപ്പ് തയാറാക്കി പൊലീസ് സ്റ്റേഷനിലെക്ക് അയച്ച ശേഷമായിരുന്നു മരണം. അയൽക്കാരും ബന്ധുക്കളുമായി യാതൊരു ബന്ധവും പുലർത്താതിരുന്ന ഇവർ കന്യാകുമാരിയിലെ ജ്യോത്സനെ പതിവായി സന്ദർശിച്ചിരുന്നു. സ്വത്തെല്ലാം ഈ ജ്യോത്സന് നൽകണമെന്ന് 2015ൽ തന്നെ വിൽപത്രം തയാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ജനുവരിയിൽ ഇവർ മൂവരും വിൽപത്രം തയാറാക്കി ജ്യോത്സൻറെ വീട്ടിൽ എത്തിച്ച് നൽകി. ഏതാനും പേപ്പറുകളാണ് പിന്നീട് വരുമ്പോൾ എടുത്തോളാമെന്നും പറഞ്ഞാണ് മടങ്ങിയതെന്നും ജ്യോത്സ്യൻ മൊഴി നൽകി. അവിടെ നിന്ന് മടങ്ങിയ മൂവരും 7 ദിവസം കന്യാകുമാരിയിലും മൂന്ന് ദിവസം തിരുവനന്തപുരത്ത് ലോഡ്ജിൽ താമസിച്ച ശേഷമാണ് വീട്ടിൽ മടങ്ങിയെത്തിയതും ആത്മഹത്യ ചെയ്തതും. അച്ഛനും അമ്മയും ശനിയാഴ്ച രാത്രി 8 മണിയോടെ മരിച്ചെങ്കിൽ അന്ന് വൈകിട്ട് മൂന്ന് മണിക്ക് തന്നെ മകൻ മരിച്ചതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഈ സമയ വ്യാത്യാസം ദുരൂഹതക്ക് കാരണമാകുന്നുണ്ട്. അന്ധവിശ്വാസ മൂലമുള്ള മരണമെന്ന് വിലയിരുത്തുമ്പോളും കൃത്യമായ കാരണം കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല.