അർബുദ നിരീക്ഷണ കേന്ദ്രം നിലനിർത്തുന്നതിനാവശ്യമായ മുഴുവൻ ചെലവുകളും ഗ്രാമ ബ്ളോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കാമെന്നറിയിച്ചിട്ടും പൂട്ടൽ നീക്കവുമായി മുന്നോട്ടു പോകുകയാണ് ആർസിസി. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗ്രാമ ബ്ളോക്ക് പഞ്ചായത്തുകൾ. പതിനേഴ് പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുകൾക്ക് പ്രയോജനം നൽകുന്നതാണ് മംഗലപുരത്തെ സെന്റർ.

വീടുകൾ കയറിയിറങ്ങി ബോധവത്കരണം നടത്തി ആളുകളെ അർബുദ പരിശോധനയ്ക്ക് സന്നദ്ധരാക്കുക, വിദഗ്ധ പരിശോധന ആവശ്യമെങ്കിൽ സെന്ററിലേയ്ക്കെത്താൻ പ്രേരിപ്പിക്കുക തുടർ ചികിത്സ ഉറപ്പുവരുത്തുക മംഗലപുരത്തെ സെന്ററിലെ ജീവനക്കാർ ഇരുപത്തിരണ്ടു വർഷമായി ഈ ദൗത്യം നിർവഹിക്കുന്നു. പതിനായിരങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പഞ്ചായത്ത്.ജനപ്രതിനിധികൾ ഒന്നു ചേർന്ന് ആരോഗ്യവകുപ്പിനും പരാതി നൽകി. നാട്ടുകാർ പ്രതിഷേധിക്കുമ്പോഴും പഠന പ്രോജക്ട് അവസാനിച്ചെന്നും പുതിയ രോഗികളെ സ്വീകരിക്കേണ്ടെന്നുമാണ് ആർ സി സി നിലപാട്. സെന്റർ അടച്ചു പൂട്ടാതിരിക്കാൻ സർക്കാരിടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ