സി.പി.എം തിരുവനന്തപുരം ജില്ലാസെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും. പഴയ കമ്മിറ്റിയിൽ നിന്ന് ഏഴുപേരെ ഒഴിവാക്കി, ഏഴു പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള പുതിയ ജില്ലാകമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. വൈകിട്ട് ആറിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെ.ആൻസലൻ എം.എൽഎ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഐ.സാജു, പ്രസിഡന്റ് എ.എ.റഹീം, മഹിളാ അസോസിയേഷൻ നേതാവ് എം.ജി.മീനാംബിക, വി.എസ്.പത്മകുമാർ, കെ.ശശാങ്കൻ, എസ്.ഷാജഹാൻ വർക്കല എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതുമുഖങ്ങൾ. സംസ്ഥാന സമിതിയംഗങ്ങളായ കോലിയക്കോട് കൃഷ്ണൻ നായർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പ്രായാധിക്യമുള്ളവരും പ്രവർത്തനത്തിൽ സജീവമല്ലാത്തവരുമായ വെങ്ങാനൂർ ഭാസ്കരൻ, എസ്.കെ.ആശാരി, വർക്കല സുന്ദരേശൻ, അഡ്വ. രാജു, അരുന്ധതി എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവർ.
റെഡ് വളണ്ടിയർ മാർച്ചോടെയായിരിക്കും സമ്മേളനത്തിന്റെ സമാപനം. വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പിണറായി വിജയനു പുറമെ, പ്രമുഖ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.