കായിക മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളൊരുക്കിയ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കായിക മല്‍സരങ്ങള്‍ക്കൊപ്പം വിനോദത്തിനും അരങ്ങൊരുങ്ങി. കാര്‍ണിവെല്‍ സിനിമാസിന്‍റെ അഞ്ചു മള്‍ട്ടിപ്ലക്സുകളാണ് സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങിയത്.
കായികതാരങ്ങള്‍ക്ക് ആരവം മുഴങ്ങുന്ന സ്റ്റേഡിയത്തില്‍ ഇനി സിനിമാ താരങ്ങളുടെ ചിത്രങ്ങളും ജയ് വിളികളും ഉയരും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇനി സിനിമയും കാണാം. സ്റ്റേഡിയത്തിന്റെ ഒന്നാം ഗേറ്റിന് സമീപം രണ്ടാം നിലയിലാണ് 5 സ്ക്രീനുകള്‍. ഇതില്‍ നാലെണ്ണം 2കെ പ്രൊജക്ഷനും മികച്ച ശബ്ദസൗകര്യങ്ങളും ഉള്ളതാണ്. ഒരു സ്ക്രീന്‍ വി.ഐ.പി സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 40 സീറ്റുകള്‍ മാത്രമുള്ള വി ഐ പി തിയേറ്ററില്‍ 4കെ പ്രൊജക്ഷനും ഡോള്‍ബി അറ്റ്മോസ് ശബ്ദ സൗകര്യങ്ങളുമുണ്ട്.
വി ഐ പി സ്ക്രീനില്‍ സിനിമ കാണാന്‍ 200 മുതല്‍ 400 രൂപവരെയും മറ്റു സ്ക്രീനുകളില്‍ 100 മുതല്‍ 190 രൂപവരെയുമാണ് നിരക്ക്. കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വകാര്യപ്രദര്‍ശനങ്ങള്‍ നടത്താനുള്ള സൗകര്യവുമുണ്ട്. ലഘുഭക്ഷണ സൗകര്യങ്ങളും പാര്‍ക്കിങ്ങ്സൗകര്യവും മള്‍ട്ടിപ്ലക്സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.