വഴിയോര കച്ചവടത്തെ ചൊല്ലി തർക്കം; ചോറ്റിയിൽ രണ്ട് പേർക്ക് വെട്ടേറ്റു

വഴിയോര കച്ചവടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം ചോറ്റിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് പനക്കച്ചിറ സ്വദേശി പ്രസാദിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. 

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വഴിയോര കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പാറത്തോട് സ്വദേശികളായ പുളിമൂട്ടിൽ, മുജീബ്, പാറയ്ക്കൽ സുനീർ എന്നിവരെയാണ് മറ്റൊരു കച്ചവടക്കാരനായ പനക്കച്ചിറ സ്വദേശി പ്രസാദ് വെട്ടിപ്പരുക്കേല്പിച്ചത്. പരുക്കേറ്റ ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.മുജീബിന്റെ ഇടതു കൈത്തണ്ടയിലും വലതുകൈയിലെ വിരലിലുമാണ് വെട്ടേറ്റിരിക്കുന്നത്.സുനീറിന്റെ മുഖത്താണ് മുറിവേറ്റത്. പാറത്തോടുകാരായ മുജീബും, സുനീറും നാളുകായി ദേശീയപാതയോരത്ത് പഴവർഗ്ഗങ്ങളുടെ കച്ചവടം ഒരുമിച്ച് നടത്തി വരികയാണ്.ഇതിനിടെ കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പ്രസാദ് ഇവിടെ കച്ചവടം നടത്തുന്നത് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.മുൻവർഷങ്ങളിൽ ഈ പ്രദേശത്ത് കച്ചവടം നടത്തുന്നത് താനാണ് എന്നതായിരുന്നു ഇയാളുടെ വാദം.ഇത് കണക്കിലെടുക്കാതെ രാവിലെ സുനീർ കച്ചവടം തുടങ്ങിയപ്പോൾ, കത്തിയുമായെത്തിയ പ്രസാദ് അക്രമിക്കുകയായിരുന്നു. സുനീറിന്റെ മുറിവിൽ നിന്നും രക്തം വരുന്നത് തടയാൻ ഐസ് ക്യൂബ് എടുക്കുന്നതിനിടെ മുജീബിനെയും ഇയാൾ കത്തി കൊണ്ട് വെട്ടി 

ശബ്ദം കേട്ടെത്തിയ നാട്ടുക്കാർ പ്രസാദിനെ പിടികൂടി പോലീസിന് കൈമാറി. ഇയാൾ കഴിഞ്ഞ രണ്ടു ദിവസങ്ങളി'ലായി സമീപത്തെ മറ്റ് വഴിയോര കച്ചവടക്കാരെയും ഭീക്ഷണിപ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്.