വല്ലകത്ത് തൊഴിലാളികൾ ഷാപ്പിൽ കളളിറക്കുന്നത് തടഞ്ഞു

അനധികൃതമായി വിൽപനക്കെത്തിച്ചുവെന്നാരോപിച്ച് വൈക്കം വല്ലകത്ത് തൊഴിലാളികൾ, ഷാപ്പിൽ കളളിറക്കുന്നത് തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് എക്സൈസ് എത്തി സാമ്പിൾ ശേഖരിച്ചു. സമീപ ഷാപ്പുകളിലേക്ക് കൂടി കൊണ്ടുവന്നതാണ് കള്ളെന്നാണ് ഉടമകളുടെ വാദം. 

വൈക്കം വല്ലകത്തെ TS 29 നമ്പർ ഷാപ്പിലേക്ക് പാലക്കാടു നിന്നെത്തിച്ച കള്ളാണ് തൊഴിലാളികൾ തടഞ്ഞുവച്ചത്. രണ്ട് അംഗീകൃത തൊഴിലാളികളുടെ 45 ലിറ്റർ കള്ളാണ് ഈ ഷാപ്പിന് അനുവദിച്ചിട്ടുളളത്. എന്നാൽ ആയിരം ലിറ്ററോളം കളള് അനധികൃതമായി എത്തിച്ചുവെന്നും ഇത് വ്യാജ കള്ളാണെന്നുമാണ് തൊഴിലാളികളുടെ ആരോപണം. പോലീസ് എത്തിയെങ്കിലും എക്സൈസ് എത്തി കള്ള് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധിച്ചു. 

തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം സാമ്പിളുകൾ ശേഖരിച്ചു വൈക്കം മേഖലയിൽ സ്പിരിറ്റു ചേർത്ത വ്യാജ കള്ളു വില്പന വ്യാപകമാവുന്നതായി യൂണിയൻ നേതാക്കൾ ആരോപിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അനധികൃത കള്ള് വില്പന നടക്കുന്നതെന്നാണ് പരാതി. എന്നാൽ ആരോപണം ശരിയല്ലെന്നും പ്രദേശത്തെ അഞ്ച് ഷാപ്പുകളിലേക്കു കൂടിയുള്ള കള്ളാണ് ഇവിടെ എത്തിച്ചതെന്നും ഷാപ്പുടമ ബോബി ചന്ദ്രൻ പറഞ്ഞു. മറ്റൊരു ഷാപ്പിലെ തൊഴിലാളി വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് യൂണിയന്റെ ആരോപണത്തിന് പിന്നിലെന്നാണ് ഷാപ്പുടമയുടെ നിലപാട്.