വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. 91 കുട്ടികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഭക്ഷ്യവിഷബാധയുടെ കാരണം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. 

സ്കൂളില്‍ നിന്ന് വീട്ടിലെത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ചർദിയും വയറുവേദനയും പനിയുമായിരുന്നു പല കുട്ടികള്‍ക്കും. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ അധ്യാപകരെ വിവരം അറിയിച്ചശേഷം രാത്രിയോടെ കുട്ടികളെയെല്ലാം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചു. 86 കുട്ടികളെ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാരും വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രിയും അറിയിച്ചു. ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. മികച്ച ചികിത്സ ഉറപ്പാക്കാനായി രാത്രിയില്‍ തന്നെ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിച്ചതിനൊപ്പം രണ്ട് വാര്‍ഡുകളും തുറന്നു. 

സ്കൂളില്‍ നിന്ന് കഴിച്ച ഉച്ചഭക്ഷണമോ അല്ലങ്കില്‍ തലേദിവസം വൈകിട്ട് കഴിച്ച മുട്ടയോ ആവാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. വിശദമായി അന്വേഷിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സ്ഥലം എം.എല്‍.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയടക്കമുള്ളവര്‍ മെഡിക്കല്‍ കോളജിലെത്തി.