വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണ സംഭവം; വധശ്രമമെന്ന് ആരോപണം

പന്തളത്തെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിനി ഹോസ്റ്റലിന് മുകളിൽനിന്ന് വീണ സംഭവത്തിൽ വധശ്രമമാണ് നടന്നതെന്ന് ആരോപണം. നാല് സീനിയർ വിദ്യാർഥിനികൾ കെട്ടിടത്തിന് മുകളിൽനിന്ന് തള്ളിയിട്ടുവെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം പത്തനംതിട്ട എസ്പിക്ക് പരാതി നൽകി. കേസിൽ പൊലീസും രാഷ്ട്രീയനേതൃത്വവും കോളജിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. 

കഴിഞ്ഞ ഡിസംബർ മൂന്നിന് വൈകീട്ട് ഏഴുമണിക്കാണ് പന്തളത്തെ ചിത്ര നഴ്സിങ് കോളജിന്റെ ഹോസ്റ്റലിന് മുകളിൽനിന്ന് വീണ് സ്നേഹ തോമസിന് പരുക്കേറ്റത്. റാഗിങ്ങിനെ തുടർന്ന് ഒന്നാം വർഷ വിദ്യാർഥിനിയായ സ്നേഹ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. നട്ടെല്ലിനും കാലിനും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നിലവിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയാണ്. സഭ്യതയുടെ അതിരുകടന്ന റാഗിങ്ങിന് വഴങ്ങാതിരുന്നതും, ഇക്കാര്യങ്ങൾ വീട്ടുകാരെയും അധികൃതരെയും അറിയിച്ചതും സീനിയർ വിദ്യാർഥിനികളെ പ്രകോപിപ്പിച്ചുവെന്ന് സ്നേഹ പറയുന്നു. ഇതേ തുടർന്ന് ബലമായി താഴേക്ക് തള്ളിയിടുകയായിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് ആത്മഹത്യയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ കുടുബം പത്തനംതിട്ട എസ് പിക്ക് പരാതി നൽകി. ചികിൽസാച്ചെലവ് പൂർണമായും വഹിക്കുമെന്ന ഉറപ്പ് കോളജ് അധികൃതർ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഏഴ് ലക്ഷം രൂപ ചെലവായപ്പോൾ രണ്ടരലക്ഷം മാത്രമാണ് നൽകിയതെന്ന് കുടുംബം പറഞ്ഞു.