ജലഛായ ചിത്ര പ്രദർശനം ശ്രദ്ധേയം

ജലഛായത്തില്‍ മായാജാലം തീര്‍ക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം തലസ്ഥാനത്ത് ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തെ മൂന്ന് പ്രശസ്ത ജലഛായ ചിത്രകാരന്‍മാരുടെ സൃഷ്ടികളാണ് തിരുവനന്തപുരം സൂര്യകാന്തി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പലഭാവങ്ങളും , കാലങ്ങളും, കാഴ്ച്ചപ്പാടുകളും പ്രതിഫലിക്കുന്ന ജീവസുറ്റ ചിത്രങ്ങള്‍ 15 മിനിറ്റിനുള്ളില്‍ സധുവിന്റെ ക്യാന്‍വാസില്‍ പിറക്കും. ദുബായില്‍ നടക്കുന്ന അന്തര്‍ദേശിയ ജലഛായ ചിത്രകാരന്‍മാരുടെ കൂട്ടായ്മയിലേക്ക് ക്ഷണം ലഭിച്ച മൂന്ന് ഇന്ത്യക്കാരില്‍ ഒരാളാണ് സധു അലിയൂര്‍. 

"താഴ് വരയുടെ മന്ത്രണമെന്ന്" പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കോയ മുത്തുവിന്റെയും സുനില്‍ ലിനസിന്റെയും ചിത്രങ്ങളുണ്ട്. ജലഛായ ചിത്രങ്ങളെപ്പറ്റിയുള്ള സംശയനിവാരണത്തിന് ശില്‍പ്പശാലയും ഒരുക്കിയിട്ടുണ്ട്. ജലഛായ ചിത്രങ്ങള്‍ ജനകീയമാക്കുകയും വിപണന സാധ്യത തുറന്നിടുകയുമാണ് ലക്ഷ്യം. ജനുവരി 20ന് ചിത്രപ്രദര്‍ശനം അവസാനിക്കും.