തിരുവനന്തപുരം കാഞ്ഞിരംകുളം തീരപ്രദേശത്ത് പടര്‍ന്നു പിടിച്ച ഛർദ്ദിയും വയറിളക്കവും നിയന്ത്രണവിധേയം. അസുഖകാരണം കോളറയല്ലെന്നാണ് പ്രാഥമിക നിഗമനം. കുടിവെള്ളം മലിനമാണെന്ന പരാതി അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42 പേരാണ് ഛർദ്ദിയും വയറിളക്കവും ബാധിച്ചു ചികിൽ തേടിയത്. പ്രാഥമിക പരിശോധനയില്‍ സാധാരണ വയറിളക്കം മാത്രമെന്നാണ് നിഗമനം. കരിച്ചൽ, കുമിളി പമ്പു ഹൗസുകളില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതാണ് കാരണമെന്നാണ് ആക്ഷേപം.. സോട്ടുകള്‍ രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധന കൂടി കഴിഞ്ഞാലേ പടർന്നു പിടിച്ചത് കോളറയല്ലെന്ന് ഉറപ്പിക്കാനാവൂ.

ഇവിടെ ലഭിക്കുന്ന കുടിവെള്ളം ശുദ്ധജലമാണോയെന്ന് ഉറപ്പുവരുത്തുന്നതിനും പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി ഒ.ആര്‍.എസ്. ഡിപ്പോ ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യമന്ത്രി ഡി.എം.ഒ.യ്ക്ക് നിര്‍ദേശം നല്‍കി. കരിച്ചല്‍, കുമിളി പമ്പുഹൗസുകളില്‍ നിന്നും ലഭിക്കുന്നത് മലിനജലമാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.