കോഫി ഹൗസ് തുറക്കാത്തതിനെ ചൊല്ലി വിവാദം

തിരുവനന്തപുരം എംജി റോഡിലെ ഇന്ത്യന്‍ കോഫീ ഹൗസ് പൂട്ടി അമ്പത്താറ് ദിവസമായിട്ടും തുറക്കാത്തതിനെച്ചൊല്ലി വിവാദം. വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം കോഫീ ഹൗസ് പൂട്ടിച്ചത്. എന്നാല്‍ ഒന്നര ലക്ഷത്തോളം രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തുറക്കാന്‍ അനുമതി നല്കാത്തതിനു പിന്നില്‍ സ്ഥാപിത താല്പര്യങ്ങളാണെന്നാണ് ആക്ഷേപം. 

തിരുവനന്തപുരത്തെ ആദ്യ കോഫീ ഹൗസ് ഒക്ടോബര്‍ പത്തിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തി പൂട്ടിച്ചത്. പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യങ്ങളുമാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സ്ഥിതി മെച്ചപ്പെടുത്തണമെന്നു കാട്ടി നോട്ടീസും നല്കി. ഇതനുസരിച്ച് ഒന്നര ലക്ഷം രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നിട്ടും തുറക്കാന്‍ അനുമതി നല്കാത്തതിനെച്ചൊല്ലിയാണ് വിവാദമുയര്‍ന്നിരിക്കുന്നത്. 

നാല്പതോളം ജോലിക്കാരുടെ ജീവിത പ്രശ്നമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിനു മുമ്പ് മൂന്നു തവണ കോഫീ ഹൗസ് പൂട്ടിച്ചതാണെന്നും എന്നിട്ടും സ്ഥിതി മെച്ചപ്പെടുത്താത്തതിനെത്തുടര്‍ന്നാണ് കടുത്ത നടപടിയിലേയ്ക്ക് കടന്നതെന്നുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കോഫീഹൗസ് പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണെന്നും മാററി സ്ഥാപിച്ചാല്‍ അനുമതി നല്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍ കോഫീ ഹൗസ് മാത്രമാണോ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യമാണ് ജീവനക്കാരും ഉപഭോക്താക്കളും ഉയര്‍ത്തുന്നത്.