നൂറുകണക്കിന് പേരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി ഓഖി ദുരന്തം

ഓഖി ദുരന്തം ഒട്ടേറെ പേരുടെ ജീവനെടുത്തതിന് പുറമെ നൂറുകണക്കിന് പേരുടെ ജീവിതമാര്‍ഗവും ഇല്ലാതാക്കി. ബോട്ടും വലയും തകര്‍ന്നതോടെ ഇരുന്നൂറിലേറെ മല്‍സ്യത്തൊഴിലാളികളാണ് തിരുവനന്തപുരത്ത് മാത്രം കടലില്‍ പോകാനാവാതെ കഴിയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തതിനാല്‍ മുഴുപട്ടിണിയിലേക്ക് നീങ്ങുകയാണ് ഇത്തരം കുടുംബങ്ങള്‍. 

ദുരന്ത ശേഷം മറ്റുള്ളവരെല്ലാം വീണ്ടും കടലില്‍ പോകുമ്പോള്‍ വിഷമത്തോടെ നോക്കിയിരിക്കാനെ വിഴിഞ്ഞം സ്വദേശി ആരോഗ്യദാസനാവു. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്ന ഒരു ബോട്ട് കടലിലെവിടെയോ പോയി. ബോട്ടിലുണ്ടായിരുന്ന നാല് പേരെയും ഇനിയും കണ്ടെത്തിയിട്ടില്ല. ഭാഗ്യം കൊണ്ട് ജീവന്‍ തിരികെ കിട്ടിയെങ്കില്‍ ജീവിക്കാനുള്ള വഴിയില്ലാതായി 

മുപ്പത് വര്‍ഷം കടലില്‍ പണിയെടുത്ത ശേഷം മൂന്ന് മാസം മുന്‍പാണ് പുഷ്പരാജ് ബോട്ട് വാങ്ങിയത്. അതിന്റെ കടം പോലും വീട്ടും മുന്‍പ് ആ ബോട്ട് കടലെടുത്തു. 

കടലില്‍ കാണാതായും തീരത്ത് തിരയടിച്ചും ഇരുന്നൂറിലേറെ ബോട്ടുകളാണ് നശിച്ചത്. ഒരു ബോട്ടും വലയും വാങ്ങണമെങ്കില്‍ ഏഴ് ലക്ഷം രൂപയെങ്കിലും മുടക്കണം. ദുരന്തത്തിന്റെ ആഘാതത്തിലിരിക്കുന്നവര്‍ക്ക് അതിന് ത്രാണിയില്ല. സര്‍ക്കാര്‍ സഹായം ലഭിക്കും വരെ ഇവരുടെ കുടുംബം പട്ടിയിലാവും