തിരുവനന്തപുരത്തെ തീരമേഖല കടുത്ത വറുതിയിലേക്ക്

ദുരന്തത്തിന് ഇരയായ തിരുവനന്തപുരത്തെ തീരമേഖല കടുത്ത വറുതിയിലേക്ക്. പത്ത് ദിവസത്തിലേറെയായി മല്‍സ്യബന്ധനത്തിന് പോകാനാവാത്തതാണ് നൂറുകണക്കിന് കുടുംബങ്ങളില്‍ പട്ടിണിക്ക് കാരണമാകുന്നത്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണത്തെയും സഹായത്തെയും ആശ്രയിച്ചാണ് ഒട്ടേറെ കുടുംബങ്ങള്‍ കഴിയുന്നത്.

ഇനി എങ്ങിനെ ജീവിക്കും.ഈ ചോദ്യമാണ് തീരത്താകെ മുഴങ്ങുന്നത്. കടലായിരുന്നു ഇവർക്കെല്ലാം. പക്ഷെ പത്ത് ദിവസമായി ബോട്ടിറങ്ങിയിട്ടില്ല. വല വീശിയിട്ടില്ല. തീരമാകെ നിശ്ചലം. അതോടെ ദുരന്തത്തില്‍ പെട്ടവര്‍ മാത്രമല്ല, എല്ലാവരും പട്ടിണിയിലാണ്. പള്ളിയും വിവിധ സംഘടനകളും നല്‍കുന്ന ഭക്ഷണമാണ് പലരുടെയും ആശ്രയം.

ദുരന്തത്തില്‍ പെട്ട പലരുടെയും ഉള്ളിലെ ഭീതി മാറാത്തതിനാല്‍ ഇനി കടലിലിറങ്ങുന്നതില്‍ ആശങ്കയും നിറയുന്നു. സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം നേരിട്ട തീരം ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ സർക്കാർ ഇടപെടല്‍ മാത്രമാണ് ആശ്രയം. ബോട്ടുകള്‍ ഇനി എന്ന് കടലിലിറങ്ങുമെന്ന യാതൊരു വ്യക്തതയുമില്ല. അതിനാല്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം വേഗത്തിലുള്ള നടപടിയാണ് തീരം കാത്തിരിക്കുന്നത്.