കലോൽസവ വേദിയിൽ താരമായി ഹരികൃഷ്ണൻ

പരിമിതികളോട് പോരാടിയ ഹരികൃഷ്ണന് പത്തനംതിട്ട ജില്ലാ സ്കൂൾ കലോൽസവ വേദിയിൽ നേട്ടങ്ങളുടെ ആറാം വർഷം. കുച്ചിപ്പുടി, കേരളനടനം, ഭരതനാട്യം എന്നിവയിലെ മികവിലൂടെയാണ് ഈ പ്ലസ്ടു വിദ്യാർഥി മേളയുടെ ശ്രദ്ധാകേന്ദ്രമായത്. 

ഹരികൃഷ്ണൻ ഒരുങ്ങുകയാണ്. കേരളനടനത്തിലും ഭരതനാട്യത്തിലും പുലർത്തിയ മികവ് കുച്ചിപ്പുടി വേദിയിലും തുടരാനാകണേയെന്ന പ്രാർത്ഥന മാത്രമാണ് മനസിൽ. കേരളനടനത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും, ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡുമാണ് ഈ കൊച്ചു മിടുക്കൻ നേടിയത്. കേരളനടനത്തിൽ ഇതോടെ തുടർച്ചയായി ആറുവർഷം ജില്ലയിലെ ഒന്നാം സ്ഥാനം ഹരികൃഷ്ണന് സ്വന്തം. എല്ലാ വർഷവും ഒപ്പം വന്നിരുന്ന അമ്മ ശ്രീദേവി അർബുദ രോഗത്തെ തുടർന്ന് ഇത്തവണ മകനൊപ്പം എത്തിയിരുന്നില്ല. പക്ഷേ വേദിയിൽ എത്തിയതോടെ സ്വന്തം വേദനയും പരാധീനതയുമെല്ലാം മറന്ന് ഹരികൃഷ്ണൻ പകർന്നാടി. 

ഫലം വന്നപ്പോൾ ഹരികൃഷ്ണന് ഒന്നാം സ്ഥാനവും എ ഗ്രേഡും. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് ഹരികൃഷ്ണൻ മൽസരങ്ങളിൽ പങ്കെടുക്കുന്നത്. പഠനത്തിലും മികവ് പുലർത്തുന്ന ഈ കൊച്ചു മിടുക്കന് ഒരു അധ്യാപകനാകാനാണ് ആഗ്രഹം.