തിരുവനന്തപുരം കോർപറേഷനിലെ സംഘർഷം വ്യാപിക്കുമെന്ന ആശങ്കയിൽ പൊലീസ്

തിരുവനന്തപുരം കോർപറേഷനിലെ സി.പി.എം-ബി.ജെ.പി തമ്മിൽതല്ല് പുറത്തേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് പൊലീസ്. തലസ്ഥാനത്ത് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. അതിനിടെ സംഘർഷത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും. കഴിഞ്ഞദിവസം തിരുവനന്തപുരം കോർപറേഷനിലുണ്ടായ സംഘർഷത്തിൽ മേയർക്കും ബിജെപി കൗൺസിലർമാർക്കും പരുക്കേറ്റിരുന്നു 

കോർപറേഷനിലുണ്ടായ സംഘർഷം തലസ്ഥാനത്തെ വീണ്ടും അശാന്തമാക്കുമോ എന്ന ആശങ്കയിലാണ് പൊലീസ്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് അക്രമണം,ആർ.എസ്.എസ്. നേതാവ് രാജേഷിന്റെ കൊലപാതകം എന്നിവയക്ക് ശേഷം സിപിഎം - ബിജെപി സംഘർഷത്തിന് അയവ് വന്നിരുന്നു. ചെറിയ ചെറിയ അക്രമണങ്ങൾ ഉണ്ടായെങ്കിലും പ്രാദേശിക വിഷയങ്ങളുടെ മാത്രം പ്രശ്നമായി ഒതുങ്ങുകയും ചെയ്തു. ഇപ്പോൾ കോർപറേഷനിലുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ ജില്ലാ സംസ്ഥാന നേതാക്കന്മാരെ കുറ്റപ്പെടുത്തിയാണ് ഇരുപാർട്ടികളുടേയും നിലപാട്. എല്ലാ വാർഡുകളിലും പ്രതിഷേധ ദിനം ആചരിക്കുമെന്നറിയിച്ച് സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തി 

ബിജെപി സംസ്ഥാന നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ആശങ്കയിലാണ് പൊലീസ്. കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാനുള്ള മുൻകരുതലിലാണ് പൊലീസ്. മെഡിക്കൽ ഐ.സി.യുവിൽ നിന്നു മേയർ വി.കെ.പ്രശാന്തിനെ ഇന്നു മാറ്റിയശേഷം പൊലീസ് മൊഴിയെടുക്കും. ഇതിനുശേഷമേ ഇരു പാർട്ടികളുടേയും പരാതികളിൽ തുടർ നടപടികളിലേക്കു പൊലീസ് കടക്കുകയുള്ളു