ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

അയ്യപ്പൻമാരുടെ ഇടത്താവളമായ കൊല്ലം ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാലമെത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ല. ലക്ഷക്കണക്കിന് അയ്യപ്പൻമാർ എത്തുന്ന ക്ഷേത്രത്തിൽ സൗകര്യപ്രദമായ പാർക്കിങ് ഗ്രൗണ്ട് പോലുമില്ല. 

ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം ശബരിമല തീർഥാടനത്തിന് ഒരുങ്ങി എന്നതിന്റെ ഒരു സൂചനകളുമില്ല. പതിവുപോലെ അസൗകര്യങ്ങളുടെ നടുവിലാണ് തമിഴ്നാട് അതിർത്തിയോട് ചേർന്ന ക്ഷേത്രം. ശുചിമുറികളുടെ നവീകരണം എങ്ങുമെത്തിയിട്ടില്ല. അയ്യപ്പൻമാർക്ക് വിരി വച്ചു വിശ്രമിക്കാൻ കല്യാണ മണ്ഡപത്തിലാണ് സൗകര്യംമുള്ളത്. ഇവിടെ 200 പേർക്ക് മാത്രമേ തങ്ങാൻ കഴിയൂ.പിന്നെ സ്റ്റേജിലും ഊട്ടുപുരയിലും കഴിയണം. 25 പേർക്ക് കഴിയാവുന്ന പിൽഗ്രിം സെൻറർ ഉണ്ടെങ്കിലും അവിടെ സൗകര്യങ്ങൾ തീരെ ഇല്ല.പാർക്കിങ് സംവിധാനം പോലും ഇല്ലാത്തതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദേശീപാതയിലാണ് 

ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തോടു ചേർന്നു ദേവസ്വം ഇൻഫർമേഷൻ സെന്റർ വേണമെന്ന് ഏറെക്കാലത്തെ ആവശ്യമാണ്. ക്ഷേത്രത്തിൽ ഓഡിറ്റോറിയം നിർമിക്കുമെന്നും ഊട്ടുപുര വിപുലീകരിക്കുമെന്നും നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു.പക്ഷെ അടുത്ത മണ്ഡലകാലമായിട്ടും എല്ലാം പ്രഖ്യാപനത്തിൽ മാത്രമാണ്.