തീര്‍ഥാടകരെ വരവേൽക്കാൻ എരുമേലി ഒരുങ്ങി

ശബരിമല തീര്‍ഥാടനകാലം നാളെ തുടങ്ങാനിരിക്കെ എരുമേലിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. മാലിന്യ പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുമ്പോഴും പരാതിയ്ക്കിട നൽകാതെ മണ്ഡലകാലം പൂർത്തീകരിക്കാനുള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.മാലിന്യ പ്രശ്നം തന്നെയാണ് എല്ലാ മണ്ഡലകാലത്തും എരുമേലി നേരിടുന്ന പ്രധാന പ്രശ്നം. എന്നാൽ ഇത്തവണ തയ്യാറാക്കിയിരിക്കുന്ന സംസ്കരണ സംവിധാനത്തിലൂടെ മാലിന്യ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം. നാളെ ഉച്ചയോടെ എരുമേലിയിൽ റവന്യു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കും. 

ഒപ്പം ശബരിമല പാതകളില്‍ പോലിസുകാരെയും വിന്യസിച്ചു കഴിഞ്ഞു. തിരക്കേറിയാല്‍ പേട്ടക്കവല മുതല്‍ വലിയമ്പലം വരെ വൺവെ ട്രാഫിക് ആരംഭിക്കാനും റ്റി ബി റോഡ് വഴി ഗതാഗതം തിരിച്ചുവിടാനുമാണ് തീരുമാനം. അപകട സാധ്യത മുന്‍നിര്‍ത്തി ഇത്തവണയും കണമല ഇറക്കത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. രാത്രിയില്‍ വലിയ വാഹനങ്ങളെ കടത്തിവിടില്ല. ഇവിടെ പോലിസ് ചെക്ക് പോസ്റ്റും എയ്ഡ് പോസ്റ്റും ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം ട്രോമോ കെയര്‍ ആംബുലന്‍സും മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കും പ്രവര്‍ത്തനസജ്ജമാകും. 

പത്ത് ബസുകളാണ് പമ്പയിലേക്ക് ദിവസവും സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ എരുമേലി കെഎസ്ആര്‍ടിസി സെന്റ്ററില്‍ എത്തിയിട്ടുളളത്. ഭക്തര്‍ക്ക് വിശ്രമിക്കുന്നതിന് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.