ജനുവരി ഒന്നിനു രാജ്യത്തെ ആദ്യത്തെ അഗതി രഹിത സംസ്ഥാനമായി കേരളം മാറുമെന്നു കെ.ടി.ജലീൽ

അടുത്ത വർഷം ജനുവരി ഒന്നിനു രാജ്യത്തെ ആദ്യത്തെ അഗതി രഹിത സംസ്ഥാനമായി കേരളം മാറുമെന്നു മന്ത്രി കെ.ടി.ജലീൽ. ആരോരുമില്ലാത്തവർക്കു ഭക്ഷണം, വസ്ത്രം, മരുന്ന്, കുട്ടികൾക്കു പഠനോപകരണങ്ങൾ എന്നിവ സർക്കാർ സ്പോൺസർ ചെയ്യും. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂളുകളുടെ ഉദ്ഘാടനം മന്ത്രി ചെങ്ങന്നൂരിൽ നിർവഹിച്ചു. 

രാജ്യത്തെ ആദ്യ അഗതി രഹിത സംസ്ഥാനമാകുന്നതിന് ചെലവിന്റെ 40 % സർക്കാരും ബാക്കി ത്രിതല പഞ്ചായത്തുകൾ ചേർന്നും വഹിക്കുന്നവിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പദ്ധതിയുടെ സർവേ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ജനിതകവൈകല്യങ്ങൾ നേരിടുന്നവർക്കായി ബഡ്സ്‌ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി 200 ബഡ്സ് സ്കൂളുകൾ തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ കുടുംബശ്രീ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലയൺസ് ക്ലബ് തുടങ്ങുന്ന പത്ത് ബഡ്സ് സ്കൂളുകളുടെ ധാരണാപത്രം ചടങ്ങിൽ കൈമാറി. ചടങ്ങുകൾക്ക് മുന്നോടിയായി കുട്ടികളുടെ കലാപ്രകടനവും ഉണ്ടായിരുന്നു.