കരിങ്കൽ സംരക്ഷണ ഭിത്തി തകർന്നു; ശബരിമല സമാന്തരപാതയിലെ റോഡ് ഭീഷണിയിൽ

പത്തനംതിട്ട ചിറ്റാർ-പുതുക്കട റൂട്ടിലെ കരിങ്കൽ സംരക്ഷണഭിത്തി തകർന്നു. കഴിഞ്ഞദിവസത്തെ മഴയിലുണ്ടായ വെള്ളക്കെട്ടിനെതുടർന്നാണ് സംരക്ഷണഭിത്തി തകർന്നത്. ഇതോടെ റോഡിന്റെ വശവും ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. 

റോഡിന്റെ ഒരുവശത്ത് ഇരുപതുമീറ്റർ ദൂരത്തിലാണ് കരിങ്കൽ സംരക്ഷണഭിത്തി ഇടിഞ്ഞത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഭാരംകയറ്റിയ വണ്ടികൾ പോകുമ്പോൾ റോഡിനും നാശംസംഭവിക്കുന്നുണ്ട്. ശബരിമല സമാന്തരപാതയിൽ ഉൾപ്പെട്ട റോഡ് പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ളതാണ്. പ്രദേശത്തെ സ്വകാര്യജലവൈദ്യുത പദ്ധതിക്കായി കക്കാട്ടാറിലെ ജലനിരപ്പ് ഉയർത്തിയപ്പോൾ സംരക്ഷണഭിത്തി തകർന്നഭാഗവും വെള്ളത്തിലായിരുന്നു. ഇങ്ങനെസംഭവിച്ച ബലക്ഷയമാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിരവധിവാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വെള്ളക്കെട്ടിലായതോടെ റോഡിന്റെ പലഭാഗങ്ങളിലും സംരക്ഷണഭിത്തി ഇടിയാനുള്ള സാധ്യതയുണ്ട്.