വയനാട് ബത്തേരി കോളിയാടിയിൽ സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ച് വീണ്ടും മോഷണം. നെന്മേനി കൃഷി ഭവനിലും സമീപത്തുള്ള പോസ്റ്റ് ഓഫിസിലുമാണ് മോഷ്ടാവ് കയറിയത്. രണ്ടിടങ്ങളിലും ഓഫിസുകളുടെ പൂട്ട് തകർത്താണ് മോഷണം.
രാവിലെ കൃഷി ഭവൻ തുറക്കാനെത്തിയ ജീവനക്കാരിയാണ് വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നൂൽപ്പുഴ പൊലീസെത്തി നടത്തിയ പരിശോധനയിൽ കൃഷി ഓഫിസറുടെ മേശയിലുണ്ടായിരുന്ന 30 പേനകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും ഇവിടെ മോഷണശ്രമം നടന്നിരുന്നു.
അതിനിടെയാണ് മറ്റൊരിടത്തും മോഷണശ്രമം നടന്നത്. ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് അവധിയായിരുന്നതിനാൽ പോസ്റ്റ് ഓഫീസ് ഇന്നലെ തുറന്നിരുന്നില്ല. 11 മണിയോടെ വാതിൽ തുറന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോസ്റ്റൽ അധികൃതരും പൊലീസും നടത്തിയ പരിശോധനയിൽ അഞ്ച് പാർസലുകളും മൂന്ന് ഇലക്ഷൻ ഐഡി കാർഡുകളും നഷ്ടപ്പെട്ടതായി വ്യക്തമായി.
ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കൃഷിഭവനിലെയും പോസ്റ്റ് ഓഫീസിലെയും മേശപ്പുറത്തുനിന്ന് ഓരോ കുറിപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങൾ നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സുപ്രധാന ഫയലുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നെന്മേനി പഞ്ചായത്തിന് കീഴിലുള്ള പ്രധാന കേന്ദ്രങ്ങളിൾ സിസി ടിവി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ നൂൽപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.