വയനാട് പനമരത്ത് തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നതോടെ ആദിവാസി കുടുംബത്തിന്‍റെ ഏക ഉപജീവനം മാർഗം അടഞ്ഞു. പനമരം പഞ്ചായത്തിലെ തോണിമൂല സ്വദേശി മണിയുടെയും കുടുംബത്തിന്‍റെയും ജീവിതമാണ് ഒറ്റ രാത്രി കൊണ്ടു കടുത്ത പ്രതിസന്ധിയിൽ ആയത്.
ഒരുപിടി പ്രതീക്ഷകളും വിയർപ്പും കൊണ്ട് കെട്ടിപ്പടുത്ത ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളാണ് ഇല്ലാതായിരിക്കുന്നത്. വയനാട് തോണിമൂല സ്വദേശി മണിയുടെയും കുടുംബത്തിന്‍റെയും ഈ ആട്ടിൻകൂട് ഇപ്പോൾ ശൂന്യമാണ്. തെരുവുനായ ആക്രമണത്തിൽ 6 ആടുകൾ ചത്തൊടുങ്ങി. അർബുദബാധിതനായ സഹോദരനെ ആശുപത്രിയിൽ കാണാൻ പോയ സമയത്താണ് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൃഷിവകുപ്പിൽ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സമീപത്തെ അറവുശാലകളിൽ നിന്നുള്ള മാലിന്യം ഭക്ഷിച്ചാണ് പ്രദേശത്ത് തെരുവുനായ്ക്കൾ പെരുകുന്നതെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്ക് പോലും പലപ്പോഴും പുറത്തിറങ്ങാൻ കഴിയുന്നില്ല. പ്രദേശത്ത് അടിയന്തരമായി എ.ബി.സി പദ്ധതി കാര്യക്ഷമമാക്കണമെന്നും, ദുരിതത്തിലായ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം എത്തിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.