വയനാട്ടിൽ അതിഥി തൊഴിലാളികളില്ലാതെ നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിൽ. വോട്ടു ചെയ്യാനായി നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചു വരാതായതാണ് കരാറുകാർക്ക് തിരിച്ചടിയായത്. പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. 

ഒരുമാസത്തോളമായി വയനാട് ജില്ലയിലെ നിർമ്മാണ സൈറ്റുകളുടെ അവസ്ഥ ഇതാണ്.മണലും മെറ്റലും റെഡി, പക്ഷേ പണി തുടങ്ങാൻ ആളില്ല! തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികൾ തിരിച്ചെത്താത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാവിലെ എണീറ്റാൽ കരാറുകാരുടെ പ്രധാന പണി ഫോൺ വിളിയാണ്. "ഭായി കബ് ആയേഗാ?" എന്ന ചോദ്യത്തിന് "കൽ ആവുംഗാ, പർസോം ആവുംഗാ" എന്ന സ്ഥിരം മറുപടി കേട്ട് പലർക്കും ഹിന്ദി മനപ്പാഠമായിക്കഴിഞ്ഞു. വോട്ടുചെയ്യാൻ പോയവർ തിരിച്ചെത്താത്തതോടെ ഇവിടെ പണികൾ പാതിവഴിയിൽ തട്ടി നിൽക്കുകയാണ്.

ഉള്ളവരെ വെച്ച് പണി പൂർത്തിയാക്കാം എന്ന് വിചാരിക്കുമ്പോൾ അവർ വാങ്ങിക്കുന്നത് ഉയർന്ന കൂലിയും ഈ 'പ്രവാസികൾ' തിരിച്ചെത്തിയില്ലെങ്കിൽ വയനാട്ടിലെ സിമന്റ് കൂട്ടും കട്ട വെപ്പും പൂർണ്ണമായും ഓർമ്മയാകും. വോട്ടു ചെയ്യാൻ പോയവർ തിരികെ വണ്ടി കയറുന്നതും കാത്ത് കട്ടപ്പുറത്തിരിക്കുകയാണ് വയനാടിന്റെ നിർമ്മാണ സ്വപ്നങ്ങൾ.

ENGLISH SUMMARY:

Wayanad construction crisis is facing a major hurdle due to the absence of guest workers, leading to stalled building projects. Migrant workers who traveled to their home states to vote have not returned, impacting the construction industry significantly.