റോഡിലെ കുഴിയില്‍ ഇറങ്ങി കുളിച്ച് യുവാക്കള്‍ പ്രതിഷേധിച്ച വയനാട് കമ്പളക്കാട്– വെണ്ണിയോട് റോഡിന്‍റെ അവസ്ഥ പരമ ദയനീയം. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍ ജനപ്രതിനികള്‍ക്ക് എതിരെ ഫ്ലക്സ് വച്ച് രോഷം കടുപ്പിക്കുകയാണ് നാട്ടുകാര്‍.
വ്യത്യസ്തമായ റോഡ് കുളി സമരം കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച കമ്പളക്കാട്– വെണ്ണിയോട് റോഡ്. വര്‍ഷങ്ങളായി പൊളിഞ്ഞ് പാളീസായി കിടക്കുന്ന റോഡ് നന്നാക്കാന്‍ ഒട്ടേറെ സമരം നടത്തിയെങ്കിലും ആരും തിരിഞ്ഞ് നോക്കാതെ വന്നതോടെ ആണ് ചെറുപ്പക്കാര്‍ ഇത്തരമൊരു വൈറല്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഇതില്‍ രാഷ്ട്രീയമില്ലെന്ന് മുസ്തഫയും സാബിത്തും.
കോട്ടത്തറ പഞ്ചായത്തിലെ പള്ളിക്കുന്ന് മുതല്‍ വെണ്ണിയോട് വരെയുള്ള അഞ്ച് കിലോമീറ്ററാണ് കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ടായിരിക്കുന്നത്. ബാണാസുര ഡാം, കുറുമ്പാലക്കോട്ട തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിരവധി ആളുകള്‍ ആശ്രയിക്കുന്ന റോഡാണിത്. ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള റോഡ് നന്നാക്കാന്‍ ഫണ്ട് വച്ചു എന്ന് കാലങ്ങളായി പറയുന്നതല്ലാതെ നടപടിയില്ല. ഇപ്പോള്‍ ഇതാ രാഷ്ട്രീയം നോക്കാതെ ജനപ്രതിനിധികള്‍ക്ക് എതിരെ ഇവിടെ ഫ്ലക്സുകളും ഉയര്‍ന്നിട്ടുണ്ട്. എം.പി പ്രിയങ്ക ഗാന്ധിമുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെ ഇതില്‍ ഉള്‍പ്പെടും. വികസന വിരോധികളേ സൂക്ഷിക്കുക എന്ന ബോര്‍ഡ് കണ്ടെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പായി ഇക്കൂട്ടര്‍ ഇടപെടും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.