അപകട ഭീഷണിയിലായ വയനാട് പൂതാടിയിലെ കോളേരി പാലം പുനര്‍നിര്‍മിക്കാന്‍ നടപടി ഇല്ല. പാലത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്.
നാലര പതിറ്റാണ്ട് മുന്‍പ് നാട്ടുകാര്‍ പിരിവിട്ട് നിര്‍മിച്ച പാലമാണിത്. പൂതാടി പഞ്ചായത്തിലെ കോളേരി– ഇരുളം റോഡില്‍ നരസി പുഴയ്ക്ക് കുറുകേ ആണ് പാലം. ഇന്നിപ്പോള്‍ പാലത്തിന്‍റെ സംരക്ഷണഭിത്തി പൂര്‍ണമായി തകര്‍ന്നു. ഒരുവശത്ത് കൈവരികള്‍ കാണാനില്ല. ബസ് സര്‍വീസ് അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാലം ഇത്രയും അപകടത്തിലായിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ പുഴയിലേക്ക് പതിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിന് ഫണ്ട് തടസമുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപടികള്‍ വേഗത്തിലാക്കണം. ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.