വയനാട്ടില്‍ വന്യ ജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന മഞ്ഞക്കൊന്നകള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പിന്‍റെ ഉത്തരവ്. ടണിനു 350 രൂപയ്ക്ക് കെ പി പി എല്ലിനാണ് വനം വകുപ്പ് വെട്ടാന്‍ അനുമതി നല്‍കിയത്. എന്നാല്‍ നിലവിലെ നീക്കം കാടിനു കൂടുതല്‍ അപകടകരമാകുമെന്നാണ് പ്രകൃതി സംരക്ഷകരുടെ പക്ഷം. 

മുത്തങ്ങയടക്കം വയനാടന്‍ കാടുകളിലാകെ മഞ്ഞക്കൊന്ന പടര്‍ന്നു കയറിയിട്ടുണ്ട്. 345 ചതുരശ്ര കിലോ മീറ്റര്‍ വിസ്‌തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിന്‍റെ 123.86 ചതുരശ്ര കിലോ മീറ്ററും കൊന്ന കയ്യടക്കി. കാടിന്‍റെ ജൈവ വൈവിധ്യങ്ങള്‍ തകര്‍ക്കുക മാത്രമല്ല വന്യജീവികളെ നാട്ടിലെത്തിക്കുന്നതിലും കൊന്ന വലിയ പങ്കാണ് വഹിക്കുന്നത്. വന്യ ജീവി ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊന്ന വെട്ടിമാറ്റാന്‍ തീരുമാനമെടുത്തത്. പൊതു മേഖല സ്ഥാപനമായ കേരള പേപ്പര്‍ പ്രൊഡകട് ലിമിറ്റഡിനാണ് മുറിക്കാനുള്ള അനുവാദം. പേപ്പര്‍ നിര്‍മാണത്തിന് പള്‍പ്പുണ്ടാക്കാനാണിത്.

5000 മെട്രിക് ടണ്‍ മഞ്ഞക്കൊന്ന നീക്കം ചെയ്യും. ഒരു ടണിനു 350 രൂപ സര്‍ക്കാരിലേക്ക് നല്‍കും. ഈ പണം ഉപയോഗിച്ച് സ്വാഭാവിക വനം വളര്‍ത്തിയെടുക്കുമെന്നാണ് വനം വകുപ്പിന്‍റെ പ്രഖ്യാപനം. വയനാട് വന്യജീവി സങ്കേതത്തിലേയും മറ്റു വന പ്രദേശങ്ങളിലേയും കൊന്നകളായിരിക്കും ആദ്യം നീക്കുക.

എന്നാല്‍ വനം വകുപ്പിന്‍റെ നീക്കം  ആസൂത്രണമില്ലാതെയാണെന്നാണ് ആക്ഷേപം. വേരോടെ പിഴുതെടുത്തില്ലെങ്കില്‍ ഒന്നിനു പകരം പത്തെണ്ണമായി വളരുന്ന കൊന്ന മരം അത്തരത്തിലല്ലാതെ മുറിക്കുന്നത് ദുരന്തം ഇരട്ടിയാക്കുമെന്നുറപ്പാണ്. 

ENGLISH SUMMARY:

government nod to cut manjakonna