വയനാട്ടിലെ ഒരു കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ചികില്‍സ തേടി ആളുകള്‍ എത്തുന്നത്. സ്വകാര്യ ആശുപത്രികളോട് പോലും കിടപിടിക്കുന്ന സംവിധാനങ്ങളാണ് നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലുള്ളത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായുള്ള ബ്ലോസം വില്ല, ഓട്ടിസ്റ്റിക്ക്, സ്പോര്‍ട്സ്, പാലിയേറ്റീവ് ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്കായി ആധുനിക ഫിസിയോ തെറാപ്പി യൂണിറ്റ്. പൂര്‍മായും ഡിജിറ്റലൈസ്ഡ് ആയ ഐ.പി, ഒ.പി കേന്ദ്രങ്ങള്‍. പറഞ്ഞുവരുന്നത് നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലേ സൗകര്യങ്ങളെ പറ്റിയാണ്.
വിദേശ നിര്‍മിത അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ചികില്‍സ. തളര്‍ന്നു കിടക്കുന്നവര്‍ക്കായുള്ള റൈമോ മെഷീന്‍, സ്റ്റെയര്‍ ക്ലൈമ്പര്‍, ലേസര്‍ നിയന്ത്രിത ട്രെഡ്മില്ലുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുള്ള ചികില്‍സ എന്നിവ നൂല്‍പ്പുഴ എഫ്.എച്ച്.സിയുടെ പ്രത്യേകതകളാണ്. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കുള്ള ചികില്‍സ, കായികതാരങ്ങള്‍ക്കായുള്ള ഫിസിയോ എന്നിവയും ഇവിടുണ്ട്. ചുരുങ്ങിയ ചിലവില്‍ ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സേവനം സൗജന്യമാണ്.
കാത്തിരിപ്പ് കേന്ദ്രമായി കല്‍മണ്ഡപം. വയോജനങ്ങളുടെ പ്രിയ കേന്ദ്രമായി ആലിന്‍ച്ചുവട്. നടവഴിയാകെ ഇലച്ചെടികളും അലങ്കാരവെളിച്ചവും. ആശുപത്രി അന്തരീക്ഷം പകുതി രോഗം മാറ്റണമെന്നാണ് ഇവിടുള്ള ആശയം. ആദിവാസി വിഭാഗത്തിനായി ഗോത്ര മന്ദിരം (പ്രതീക്ഷ), ആരോഗ്യ ക്യാംപുകള്‍, പോഷകാഹാര പദ്ധതി തുടങ്ങിയവയും നൂല്‍പ്പുഴയിലുണ്ട്. രോഗികള്‍ക്കായുള്ള സൗജന്യ ഇ–ഓട്ടോയും സ്ത്രികള്‍ക്കായുള്ള പെന്മ കേന്ദ്രവും നൂല്‍പ്പുഴയുടെ പ്രത്യേകതകളാണ്. സംസ്ഥാനത്തിന് അകത്തുനിന്ന് മാത്രമല്ല, തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും നിരവധി രോഗികള്‍ നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്താറുണ്ട്.