മാലിന്യ കൂമ്പാരത്തില്‍ നിന്ന് മുന്തിരി വിളയിച്ച് പാലക്കാട് നഗരസഭ. ഒരു വര്‍ഷം മുന്‍പ് വരെ ടണ്‍ കണക്കിന് മാലിന്യം തള്ളിയ ഇടത്ത്, ഇന്ന് മുന്തിരിയും പൂക്കളും പച്ചക്കറികളും നിറയുന്ന ഹരിത പാര്‍ക്കാണ്. നഗരസഭ ആരോഗ്യവിഭാഗം ചുക്കാന്‍ പിടിച്ച ആ വിജയമാതൃക കാണാം.
പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ മുന്തിരിവള്ളികള്‍ കാണുമ്പോള്‍ തന്നെ മനസിന് ഒരു ഉന്‍മേഷമാണ്. ഒപ്പം നല്ലൊരു പൂന്തോട്ടവും. പാലക്കാട് നഗരഹൃദയത്തില്‍ മേലാമുറി മാര്‍ക്കറ്റിന് സമീപത്തുള്ള ഈ കാഴ്ച ഒരു കൊല്ലം മുന്‍പ് ഇങ്ങനെ ആയിരുന്നില്ല. ടണ്‍ കണക്കിന് മാലിന്യം തള്ളിയിരുന്ന സ്ഥലം. മൂക്കുപൊത്താതെ നടക്കാന്‍ പറ്റാതിരുന്ന ഇടം. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം. എന്നാല്‍ നഗരസഭ ആരോഗ്യ വിഭാഗം കട്ടയ്ക്ക് നിന്ന് ഭൂമി തിരികെപിടിച്ചു. രണ്ടര ടണ്‍ മാലിന്യം ഇവിടെ നിന്ന് നീക്കി. തുടര്‍ന്ന് 17 സെന്‍റ് വരുന്ന സ്ഥലത്ത് പൂച്ചെടികളും പച്ചക്കറിതൈകളും നട്ടു. ഇന്നിപ്പോള്‍ സെല്‍ഫി പോയിന്‍റും പുല്‍ത്തകിടിയും എല്ലാമായി ഒരു പച്ചപ്പിന്‍റെ തുരുത്താണ് ഇവിടം.
നിലക്കടല ഉള്‍പ്പെയുള്ളവ ഇവിടെ നിന്ന് വിളവെടുത്തിരുന്നു. ഹരിത കര്‍മസേന അംഗങ്ങളും നഗരസഭയിലെ ശുചീകരണ തൊഴിലാളികളും ചേര്‍ന്നാണ് ഇതിന്‍റെ പരിപാലനം. മാലിന്യം വേര്‍ത്തിരിക്കുന്ന ജോലികള്‍ക്കായി അവര്‍ക്ക് പ്രത്യേക സൗകര്യങ്ങളും ശുചിമുറി അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ മാലിന്യം തള്ളുന്ന ഏതാണ്ട് 142 പോയിന്‍റുകള്‍ ഇത്തരത്തില്‍ ഹരിത ഇടമാക്കി മാറ്റുന്ന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഏറ്റവും തലവേദന പിടിച്ച മാലിന്യസംസ്കരണം എന്ന കീറാമുട്ടി എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്‍റെ മാതൃക കൂടിയാണ് ഈ ഹരിത പാര്‍ക്ക്.