വർഷങ്ങളായി ജോലിയെടുത്ത ശമ്പളത്തിനായി ഓഫിസുകൾ കയറിയിറങ്ങുകയാണ് പാലക്കാട് തച്ചമ്പാറയിൽ ബ്ലൈൻഡ് ക്രിക്കറ്റ് താരം ജംഷീല. കരിമ്പുഴ മാതൃകാ അന്ധവിദ്യാലയത്തിലെ അധ്യാപികയായിരുന്ന ജംഷീറയെ അകാരണമായി പുറത്താക്കിയിട്ടും ശമ്പളമോ കെട്ടി വെച്ച തുകയോ നൽകിയില്ലെന്നാണ് പരാതി.
ദേശീയ ബ്ലൈൻഡ് ക്രിക്കറ്റ് താരമാണ് പാലക്കാട് തച്ചമ്പാറ സ്വദേശി ജംഷീല. ജീവിതത്തിലെ പ്രതിസന്ധിയെന്ന ഇന്നിങ്സിലൊക്കെയും വിജയിച്ചയാൾ. 2021 ലാണ് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിനു കീഴിലുള്ള കരിമ്പുഴ മാതൃകാ അന്ധ വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചത്. ചിലവുകൾക്കായി 6 ലക്ഷം കെട്ടിവക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉള്ളതൊക്കെ വിറ്റുപൊറുക്കി തുകയൊപ്പിച്ചു കൊടുത്തു.
മൂന്നുവർഷം ഒരു രൂപ ശമ്പളം ഇല്ലാതെ ജോലിയെടുത്തു. പിന്നാലെ യോഗ്യതയില്ലെന്നു പറഞ്ഞു മുന്നറിയിപ്പില്ലാതെ പുറത്താക്കിയെന്നാണ് ജംഷീല പറയുന്നത്. എടുത്ത ജോലിക്കുള്ള ശമ്പളമോ കൊടുത്ത തുകയോ നൽകിയില്ല. ചികിത്സക്ക് പോലും പണമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിവർ.