പാലക്കാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച. വിഷം ഉള്ളിൽചെന്ന് ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ ബന്ധുകൾക്ക് വിട്ടു നൽകി. വീഴ്ച വാർത്തയായതോടെ പൊതുദർശനത്തിനിടെ മൃതദേഹം ആശുപത്രിയിലേക്ക് തന്നെ മാറ്റി പോസ്റ്റുമോർട്ടം ചെയ്തു.
കഴിഞ്ഞ മാസം 25 നാണ് സദാശിവനെ വിഷം അകത്തു ചെന്ന നിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് മരണപ്പെട്ടു. പോസ്റ്റുമോർട്ടം ചെയ്യാതെ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. പോസ്റ്റുമോർട്ടം ചെയ്യുന്നില്ലേ എന്ന് ബന്ധുക്കൾ ചോദിച്ചിട്ടും അധികൃതർ അനങ്ങിയില്ല. വീട്ടിൽ എത്തിച്ച് പൊതുദർശനം തുടരുന്നതിനിടെ ആശുപത്രി അധികൃതർ പൊലീസ് അകമ്പടിയിലെത്തി, പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വിട്ടു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രി അധികൃതർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും എന്നാൽ പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും കുടുംബം അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം സംസ്കരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി DMO അറിയിച്ചു. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണെന്ന് കരുതിയതാകാമെന്നായിരുന്നു വിഷയത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.