പാലക്കാട് തച്ചനാട്ടുകരയിലെ ഹരിതകർമസേന പ്രവർത്തകർ സ്വപ്നം സാക്ഷാൽകരിച്ചതിന്‍റെ ആവേശത്തിലാണ്. നാടിനെ മാലിന്യ മുക്തമാക്കുന്ന മുന്നണി പോരാളികൾ ഇന്നലെ ആദ്യമായി വിമാനയാത്ര നടത്തി. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് ആകാശ സ്നേഹ യാത്ര.
69 വയസ്സുകാരി രത്‌നകുമാരി, 66കാരി ഖദീജയും ആദ്യമായാണ് വിമാനം കയറുന്നത്. ഒപ്പം 16 വാർഡുകളിൽ നിന്നുമുള്ള 30 സഹപ്രവർത്തകരുമുണ്ട്. വീടുവീടാന്തരം കയറിയിറങ്ങി പ്രതികൂല കാലാവസ്ഥയിലും മാലിന്യ ശേഖരണം നടത്തുന്ന പഞ്ചായത്തിലെ ഹരിതസേന അംഗങ്ങൾക്കാണ് പഞ്ചായത്ത് സൗജന്യ വിമാന യാത്രയൊരുക്കിയത്.
കരിപ്പൂർ എയർപോർട്ടിൽ നിന്നും രാവിലെ കൊച്ചിയിലേക്കാണ് യാത്ര. പിന്നെ കൊച്ചിൻ മെട്രോയും വാട്ടർ മെട്രോയും ലുലുമാളും സുഭാഷ് പാർക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന വിസ്മയ കാഴ്ചകൾ യാത്രാംഗങ്ങൾക്ക് ജീവിതത്തിലെ വല്ലാത്ത അനുഭവമായി.
യാത്രയിൽ എല്ലാവരും ഹാപ്പി. ഇനിയും വരണം, ആസ്വദിക്കണം എന്ന് ഉറപ്പിച്ചു മടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീമും മറ്റു ജനപ്രതിനിധികളും യാത്രയിൽ ഒപ്പം ചേർന്നിരുന്നു.