പതിവ് തെറ്റാതെ പാലക്കാട് പല്ലശ്ശനയിൽ ഇത്തവണയും ഓണത്തല്ല് നടന്നു. ഒരു കുടി, ഏഴു കുടി ദേശത്തെ എല്ലാ പ്രായക്കാരും ഒന്നാന്തരം തല്ലിനിറങ്ങിയപ്പോൾ കാണാൻ കൂടിയത് നൂറുകണക്കിനാളുകൾ. പല്ലശ്ശനയിൽ ഇന്ന് അവിട്ടത്തല്ലും നടക്കും.
പതിറ്റാണ്ടുകളായി തുടരുന്ന ചടങ്ങാണ് പല്ലശനയിലെ ഓണത്തല്ല്. ഈ നാട്ടുകാർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്ന ആവേശം. നിലം തൊട്ടുയർന്ന് കളം തൊട്ട് വന്ദിക്കും. ഒറ്റ കുതിപ്പിൽ രണ്ടു കൂട്ടരും മുഖത്തോട് മുഖം നോക്കി കൈകൾ കോർത്ത് നിൽക്കും. പുറകിലെയാൾ മുതുകിലേക്ക് ആഞ്ഞടിക്കും. ശേഷം അടുത്തയാളുടെ ഊഴം. തല്ലിന് ഒരുങ്ങും മുമ്പ് കൊലച്ചോർ ഉണ്ട് കച്ചകെട്ടണം. ആരോഗ്യവാന്മാരായ പുരുഷന്മാർ വീടുകളിൽ നിന്നും തല്ലുമന്ദത്തേക്കും കളരിയിലേക്കും കുതിച്ചെത്തിയാണ് തല്ല് തുടങ്ങുക
ഓണത്തല്ലിന് പിന്നിൽ ഒരു ചരിത്രമുണ്ട്. പല്ലശ്ശന നാട്ടുരാജാവ് കുറൂർ നമ്പിടിയെ അയൽ നാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായർ യുദ്ധത്തിൽ ചതിച്ച് കൊന്നു, തുടർന്ന് കുതിരവട്ടത്ത് നായർക്കെതിരെ നാട്ടുകാർ പോർവിളി നടത്തി. ഇതിന്റെ സ്മരണ പുതുക്കലാണത്രെ തല്ല്. അടി കൊണ്ടു പുറം ചുവന്നവരുണ്ട്. നാല് വിരൽ പുറത്തു കാണുന്ന തരത്തിൽ കിട്ടിയവരുണ്ട്. പക്ഷെ ഈ ആവേശത്തിൽ വേദനയാരും അറിയാറില്ല. കച്ചകെട്ടിയവരൊക്കെ തല്ല് വാങ്ങിയും കൊടുത്തും തീർന്നാൽ ചടങ്ങ് തീരും. ആർപ്പ് വിളിച്ചു എല്ലാവരും പിരിയും. പിന്നെ അടുത്ത കൊല്ലത്തെ തിരുവോണത്തിനുള്ള കാത്തിരിപ്പാണ്.