മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നതോടെ വീട് അപകടഭീഷണിയിൽ. പാലക്കാട് കപ്പൂരിലെ അമേറ്റിക്കര മൊയ്തീൻകുട്ടിയുടെ വീടാണ് അപകടാവസ്ഥയിലായത്. മൊയ്തീൻകുട്ടിയും ഭാര്യ റംലയും വീട്ടിലുണ്ടായിരുന്ന സമയത്താണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത്.
ശബ്ദം കേട്ട് നോക്കുമ്പോള്‍ സംരക്ഷണഭിത്തിയും മണ്ണും ഉള്‍പ്പെടെ കിണറ്റിലേക്ക് പതിച്ച അവസ്ഥയിലായിരുന്നു. അടുക്കള ഭാഗത്തോട് ചേർന്നാണ് കിണറുണ്ടായിരുന്നത്. പത്ത് അടിയോളം മണ്ണിടിഞ്ഞിട്ടുണ്ട്. വീട് അപകട ഭീഷണി നേരിടുന്നതിനൊപ്പം കുടിവെള്ളവും മുട്ടിയ അവസ്ഥയാണ്. പേടി കാരണം അടുക്കള ഭാഗത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അടുത്ത മഴയ്ക്ക് വീട് കിണറ്റിലേക്ക് പതിക്കുമെന്ന ആശങ്കയാണുള്ളത്.
കിണര്‍ പൂര്‍സ്ഥിതിയിലാക്കി സംരക്ഷണഭിത്തി കെട്ടാന്‍ സഹായിക്കണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരിടത്തേക്ക് മാറാനും കഴിയാത്ത സ്ഥിതിയാണ്. കപ്പൂർ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും കുടുംബം പരാതി നൽകി.