മഴക്കൊപ്പം കടലാക്രമണം ശക്തമായതോടെ മലപ്പുറം പൊന്നാനി വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ തീരവും റോഡുകളും കടലെടുത്തു. കടലാക്രമണത്തിൽ പാലപ്പെട്ടി, കാപ്പിരിക്കാട്, അജ്മേർ നഗർ, വെളിയങ്കോട് പത്തുമുറി തീരങ്ങളിൽ നഷ്ട്ടക്കണക്ക് ഏറുകയാണ്.
വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറിയേയും തണ്ണിത്തുറയേയും ബന്ധിപ്പിക്കുന്ന ഫിഷറീസ് റോഡ് കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ തകർന്നു. കടലാക്രമണം തടയാൻ 4 മാസം മുൻപ് സ്‌ഥാപിച്ച ജിയോ ബാഗുകളും തകർന്നു. റോഡിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതോടെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. സമീപത്തെ ചെമ്മീൻ ഹാച്ചറിയും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.
മേഖലയിൽ ഭിത്തി തകർന്നതോടെ ഹാച്ചറിക്കുള്ളിലും തിരമാലകൾ കയറുന്നുണ്ട്. 2 ആഴ്ചയായി കടൽ കരയിലേക്ക് കയറി കൊണ്ടിരിക്കുന്നതിനാൽ കാപ്പിരിക്കാട് മേഖലയിൽ വ്യാപക നാശമാണ് ഉണ്ടാകുന്നത്. 70 മീറ്റർ വീതിയിൽ ഏക്കർ കണക്കിന് ഭൂമിയാണ് കടൽ കവർന്നത്. ഈ മേഖലയിലെ റോഡുകൾ പൂർണമായും കടൽ എടുത്തതോടെ പാലപ്പെട്ടി കാപ്പിരിക്കാട് തീരദേശ റോഡ് ഇല്ലാതായി. അജ്മേർ നഗർ കടപ്പുറത്തും കടലാക്രമണം രൂക്ഷമാണ് അജ്‌മേർ പള്ളിയും ഏത് സമയത്തും കടൽ എടുക്കാവുന്ന അവസ്‌ഥയിലാണ്.