റെയിൽവേ നടത്തിയ സൗന്ദര്യവൽക്കരണ പ്രവർത്തികൊണ്ട് ഗതികേടിലായി ഒരു നാട്. മലപ്പുറത്തിന്‍റെ മലയോരപാതയിൽ തുവൂരിലെ കമാനം മേൽപ്പാലത്തോട് ചേർന്ന് റെയിൽവേ നടത്തിയ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കിടെ പാലത്തിന് ബലക്ഷയം സംഭവിച്ചതാണ് നാട്ടുകാരുടെ ഗതാഗതം തടസപ്പെടുത്തിയത്.

ഈ മാസം അഞ്ചിന് മെമു  ട്രെയിൻ കടന്നു പോകുമ്പോഴാണ് കമാനം റെയിൽവേ മേൽപ്പാലത്തോട് ചേർന്ന ഭിത്തി ഇടിഞ്ഞുതാഴ്ന്നത്. പാലത്തിന് ബലക്ഷയമുണ്ടായെന്ന് ബോധ്യമായതോടെ വലിയ വാഹനങ്ങൾ  തടഞ്ഞു. ഇതോടെ കരുവാരകുണ്ട് , കാളികാവ്, ചോക്കാട്, പൂക്കോട്ടുംപാടം തുടങ്ങി മലയോരപാത കടന്നുപോകുന്ന ഭാഗങ്ങളിലേക്കെല്ലാം ബസ് അടക്കമുള്ള വലിയ വാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. ഇപ്പോൾ ബസുകൾ അടക്കം തുവ്വൂർ പാലത്തിന് അടുത്ത് യാത്ര അവസാനിപ്പിക്കും. ബസിൽ നിന്നിറങ്ങി പാലം മുറിച്ചു കടന്ന് അക്കരെ എത്തി മറ്റൊരു ബസ്സിൽ കയറി വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ.

ബസ് യാത്രക്കാരും ഉയരമുള്ള വാഹനങ്ങളിൽ കടന്നു പോവുന്നവരുമാണ് പ്രതിസന്ധിയിലായത്. റെയിൽവേ  സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അശ്രദ്ധമായി നിർമിച്ച ഭിത്തിയാണ് ഇടിഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. ഭിത്തി ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുകയാണ്.

ENGLISH SUMMARY:

Thuvvur bridge faces structural integrity issues following railway beautification works. This has disrupted traffic on the Malappuram hill highway, forcing commuters to change buses at the affected site.