മലപ്പുറം മഞ്ചേരിക്കടുത്ത എലമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിക്കു പിന്നില്‍ പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിന്‍റെ കഥയുണ്ട്. മഞ്ചേരി നഗരത്തില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത എല്‍പി സ്കൂള്‍ എലമ്പ്രയിലേക്ക് മാറ്റി സ്ഥാപിക്കാമെന്ന നഗരസഭയുടെ നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ തളളിയതോടെയാണ് സുപ്രീം കോടതി വരെ പോവേണ്ടി വന്നത്.കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യത്തിനു ഗവ.എല്‍പി സ്കൂളുകളില്ലാത്ത കേരളത്തിന്‍റെ ഗ്രാമീണ മേഖലക്കാതെ പ്രതീക്ഷ നല്‍കുന്ന സുപ്രധാന വിധികൂടിയാണിത്.
എലമ്പ്രയിലെ കുട്ടികള്‍ക്ക് ഏറ്റവും അടുത്ത എയ്ഡഡ് എല്‍പി സ്കൂളില്‍ പോവാന‍് മൂന്നര കിലോമീറ്റര്‍ സഞ്ചരിക്കണം.കഴിഞ്ഞ43വര്‍ഷമായി സര്‍ക്കാര്‍ സ്കൂളിനു വേണ്ടി ഭൂമി വാങ്ങി കാത്തിരിക്കുകയാണ് എലമ്പ്രയിലെ നാട്ടുകാര്‍.
മഞ്ചേരി നഗരത്തില്‍ തന്നെ പഠിക്കാന്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സ്ളുകൂകളുണ്ട്. 10കുട്ടികള്‍ പോലും പഠിക്കാനില്ലാത്ത ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ഭാഗമായ ജിഎല്‍പി എസ്കൂള്‍ എലമ്പ്രയിലേക്ക് മാറ്റാമെന്ന മഞ്ചേരി നഗരസഭയുടെ ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചില്ല.കെട്ടിടം നഗരസഭ പണിതു നല്‍കാമെന്നു വരെ പറഞ്ഞു നോക്കി.
ഈ സാഹചര്യത്തിലാണ് എലബ്രയില്‍ ഗവ.എല്‍പി സ്കൂള്‍ അനുവദിക്കാനാവില്ലെന്ന വാശിയില്‍ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് മൂന്നു മാസത്തിനകം സ്കൂളിന് അനുമതി നല്‍കാനാണ് ഉത്തരവിട്ടത്.
സ്ഥിരം കെട്ടിടമില്ലെങ്കില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ തുടങ്ങണമെന്നും സ്ഥിരം അധ്യാപികരില്ലെങ്കില്‍ വിരമിച്ച അധ്യാപകരെ പ്രയോജനപ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലുണ്ട്.എലമ്പ്രയിലെ ജനങ്ങള്‍ നടത്തിയ നിയമ പോരാട്ടം വിദ്യാലയങ്ങളില്ലാത്ത സംസ്ഥാനത്തെ ഗ്രാമീണമേഖലകള്‍ക്ക് പുതുജീവനാണ്.