2019ലെ ഉരുള്‍പൊട്ടലില്‍ ഭൂമിയും വീടും നഷ്ടമായ മലപ്പുറം പാതാറിലെ 5 കുടുംബങ്ങള്‍ക്ക് പകരം ഭൂമിക്ക് പണം അനുവദിക്കാതെ സര്‍ക്കാര്‍. ഭൂമി വാങ്ങാന്‍ പണം ലഭിക്കാതായതോടെ വീടു വയ്ക്കാന്‍ മര്‍ഗമില്ലാതെ വഴിയാധാരമായ കുടുംബങ്ങളും കവളപ്പാറക്കടുത്ത പാതാറിലുണ്ട്.
ഇഴുകത്തോടിന്‍റെ കരയില്‍ പഴയ വീടുകള്‍ നിന്ന ഭാഗത്ത് പുതിയ വീട് നിര്‍മിക്കാന്‍ യോഗ്യമല്ലെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഭൂമി വാസ യോഗ്യമല്ലെങ്കില്‍ സര്‍ക്കാര്‍ പുതിയ സ്ഥലം വാങ്ങാന്‍ 6ലക്ഷം കൂടി അനുവദിക്കുന്നതാണ് പതിവുരീതി. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ വീഴ്ച കൊണ്ട് പുതിയ ഭൂമി വാങ്ങാന്‍ പണം അനുവദിച്ചില്ല.
വീടു നഷ്ടമായ പൊന്നുളിയില്‍ സതീഷും കുടുംബവും കഴിഞ്ഞ ആറു വര്‍ഷമായി ഷീറ്റുകൊണ്ട് മറച്ച താല്‍ക്കാലിക കുടിലിലാണ് താമസിക്കുന്നത്. മലവെളളപ്പാച്ചിലില്‍ എല്ലാം നഷ്ടമായ ചില കുടുംബങ്ങള്‍ക്ക് ചില സന്നദ്ധ സംഘടനകള്‍ ഭൂമി വാങ്ങി വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.ഭൂമി നഷ്ടമായവര്‍ക്ക് എന്തുകൊണ്ടാണ് പകരം പണം അനുവദിക്കാത്തത് എന്ന ചോദ്യത്തിനും ഉത്തരമില്ല.