ടാക്സിയായി ഓടുന്ന ഇരുചക്ര വാഹനങ്ങൾ നിർബന്ധമായും കൊമേഴ്സ്യൽ വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണമെന്ന് കോഴിക്കോട് ആർ.ടി.ഒ ജെബി ചെറിയാൻ. രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളാണോ കിട്ടിയതെന്ന് യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. ബൈക്ക് ടാക്സിക്കാരെ ആൾക്കൂട്ട വിചാരണ നടത്താൻ ഓട്ടോറിക്ഷക്കാർക്ക് അധികാരമില്ലെന്നും ആർ.ടി.ഒ മനോരമ ന്യൂസിനോട് പറഞ്ഞു.
കൊമേഴ്സ്യൽ വാഹനങ്ങളായി മാറ്റാതെ യാത്രക്കാരിൽ നിന്നും പണം വാങ്ങി സർവീസ് നടത്തുന്ന നിരവധി ബൈക്കുകൾ കോഴിക്കോട് നഗരത്തിലുണ്ട് . ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സുരക്ഷിതത്വവുമുണ്ടാകില്ലെന്നും ആർടിഒ പറയുന്നു.
രജിസ്റ്റർ ചെയ്യാതെ ഓടുന്ന ബൈക്ക് ടാക്സികൾ ഉണ്ടെങ്കിൽ അക്കാര്യം മോട്ടോർ വാഹന വകുപ്പിനെ ഓട്ടോറിക്ഷക്കാർക്ക് അറിയിക്കാം. പക്ഷേ, അവരെ തടഞ്ഞുനിർത്തി വിചാരണ നടത്താൻ പാടില്ല. കൊമേഴ്സ്യൽ ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ആർടിഒ വ്യക്തമാക്കി.